എസ്.എസ്.എൽ.സി പരീക്ഷ നാളെ തുടങ്ങും. ഇത്തവണ 4.19 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായി. കത്തുന്ന വേനൽ കണക്കിലെടുത്ത് പരീക്ഷകൾ രാവിലെ 9.30 മുതലാണ് ആരംഭിക്കുന്നത് . ആകെ 2,960 പരീക്ഷാ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ അവസാനിക്കും. മൂല്യനിർണ്ണയം 70 ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കും. മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കും.
കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും. 2021 ലും 22 ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എൽസി പരീക്ഷ. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വെച്ചായിരുന്നു അന്നത്തെ പരീക്ഷ.
ഹയർസെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. മാർച്ച് 30ന് പരീക്ഷകൾ തീരും. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകൾക്കിടെ ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ കൂടി ഇത്തവണ വരുന്നുണ്ട്. 13 മുതലാണ് ഈ പരീക്ഷകൾ തുടങ്ങുന്നത്.