ലണ്ടൻ: മന്ത്രിസഭയിൽ അഴിച്ചു പണി നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനെ പുറത്താക്കിയ പ്രധാനമന്ത്രി റിഷി സുനക് പകരം വിദേശകാര്യസെക്രട്ടറി ജെയിംസ് ക്ലവർലിയെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. ക്ലെവർലിയുടെ ഒഴിവിൽ മുൻവിദേശകാര്യമന്ത്രി ഡേവിഡ് കാമറൂൺ തിരിച്ചെത്തിയതാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം.

2010 മുതൽ 2016 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു ഡേവിഡ് കാമറൂൺ. യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുവരാനുള്ള ബ്രിട്ടനിലെ ബ്രക്സിറ്റ് ഹിതപരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെ 2016-ലാണ് ഡേവിഡ് കാമറൂൺ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചത്. ആഭ്യന്തരമന്ത്രിയെ മാത്രമാണ് റിഷി സുനക് മാറ്റിയതെങ്കിലും ആരോഗ്യമന്ത്രി വിൽ ക്വിൻസും പ്രാഥമിക വിദ്യാഭ്യാസമന്ത്രി നിക്ക് ഗിബ്സും രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം. ഇവരുടെ രാജി റിഷി സുനക് സ്വീകരിക്കുന്ന പക്ഷം മന്ത്രിസഭയിൽ വലിയ അഴിച്ചു പണിക്ക് സാധ്യതയുണ്ട്.

ആരോഗ്യമന്ത്രിയായ നീൽ ഒബ്രിയൻ തന്റെ നിയോജകമണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനെ തുടർന്നാണ് സ്ഥാനമൊഴിയാൻ ശ്രമിക്കുന്നതെന്നും അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇതിൽ അസ്വാഭികതയൊന്നുമില്ലെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് നിക്ക് ഗിബ് സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നത്.
മെന്നാണ്.
റിഷി സുനക് സ്വീകരിച്ച വ്യക്തിപരമായ ചില തീരുമാനങ്ങളോട് വിയോജിപ്പുണ്ടായിരുന്നുവെങ്കിലും ഋഷി സുനക് ശക്തനും കഴിവുള്ളതുമായ പ്രധാനമന്ത്രിയാണെന്നാണ് തൻ്റെ നിലപാടെന്ന് ഡേവിഡ് കാമറൂൺ പറഞ്ഞു. യുക്രെയ്നിലെ യുദ്ധവും മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ യുകെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ വിദേശകാര്യസെക്രട്ടറിയാവുക എന്ന വെല്ലുവിളി സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ അപ്പർ ചേമ്പറായ ഹൗസ് ഓഫ് ലോർഡ്സിൽ ഡേവിഡ് കാമറൂണിന് ഇരിപ്പിടം നൽകുന്നതിന് ചാൾസ് രാജാവ് അംഗീകാരം നൽകിയതായി റിഷി സുനക്കിന്റെ ഓഫീസ് അറിയിച്ചു. ഡേവിഡ് കാമറൂൺ നിലവിൽ യുകെ പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട അംഗമല്ല.
ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്കുള്ള ഡേവിഡ് കാമറൂണിന്റെ അപ്രതീക്ഷിത തിരിച്ചുവരവാണ് പുതിയ സ്ഥാനപ്രാപ്തി. പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ശേഷം സ്വന്തം ബിസിനസിലും പുസ്തക രചനയിലുമൊക്കെയായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല ഡേവിഡ് കാമറൂൺ.
