കൊളംബോ: 15 വർഷത്തിന് ശേഷം ആദ്യമായി പ്രവർത്തനലാഭം നേടിയതിന് പിന്നാലെ ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്കരണത്തിനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ലങ്കൻ സർക്കാർ. ശ്രീലങ്കൻ എയർലൈൻസ് ഏറ്റെടുക്കാൻ ഗൾഫിലെ പല എയർലൈൻ കമ്പനികളും താത്പര്യം പ്രകടിപ്പിച്ചുവെന്നാണ് സൂചന. ഏറ്റെടുക്കൽ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ശ്രീലങ്കൻ എയർലൈൻസ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് നട്ടാൽ അറിയിച്ചു.
ദക്ഷിണേഷ്യയിലും പ്രത്യേകിച്ച് ഇന്ത്യയിലും ശക്തമായ സാന്നിധ്യമുള്ള ശ്രീലങ്കൻ എയർലൈൻസിനെ ഏറ്റെടുക്കുന്നത് മാർക്കറ്റ് വിപുലീകരിക്കാൻ ഗുണകരമാവുമെന്നാണ് പല കമ്പനികളും കണക്കുകൂട്ടുന്നത്. നേരത്തെ ശ്രീലങ്കൻ എയർലൈൻസിൽ 40 ശതമാനം ഓഹരിയുണ്ടായിരുന്ന എമിറൈറ്റ്സും പുതിയ ഇടപാടിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ എയർലൈൻസ് സിഇഒ റിച്ചാർഡ് നട്ടാലിനെ ഉദ്ധരിച്ച് ദ നാഷണൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
1979-ലാണ് എയർലങ്ക എന്ന പേരിൽ ശ്രീലങ്കൻ സർക്കാർ എയർലൈൻ കമ്പനി ആരംഭിക്കുന്നത്. എയർ സിലോണ് കമ്പനി അടച്ചുപൂട്ടിയതിന് ശേഷമാണ് എയർലങ്ക തുടങ്ങുന്നത്. . 1998-ലാണ് എമിറൈറ്റ്സ് കമ്പനി ശ്രീലങ്കൻ എയർലൈൻസിൽ നാൽപ്പത് ശതമാനം ഓഹരി വാങ്ങുന്നത്. ഇതോടെ എയർലങ്ക ശ്രീലങ്കൻ എയർലൈൻസ് എന്ന പേരിൽ റീബ്രാൻഡ് ചെയ്തു
2008-ൽ എമിറൈറ്റ്സിൽ നിന്നും ഓഹരികൾ ശ്രീലങ്കൻ സർക്കാർ തിരികെ വാങ്ങി കമ്പനിയെ പൂർണമായും സർക്കാർ ഉടമസ്ഥതയിലാക്കി. എമിറൈറ്റ്സ് ഓഹരി വിറ്റൊഴിഞ്ഞു പോകുമ്പോൾ 30 മില്ല്യൺ ഡോളർ ലാഭത്തിലായിരുന്നു കമ്പനിയെങ്കിലും അടുത്ത ഏഴ് വർഷത്തിനുള്ള പ്രതിവർഷം 875 മില്യൺ ഡോളർ നഷ്ടത്തിലേക്ക് കമ്പനി കൂപ്പുകുത്തി. ഇതോടെയാണ് കമ്പനിയെ സ്വകാര്യവത്കരിക്കാൻ ശ്രീലങ്കൻ സർക്കാർ തീരുമാനിച്ചത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തുടർച്ചയായി മറ്റു ചില പ്രതിസന്ധികൾ ശ്രീലങ്കൻ എയർലൈൻസിനെ തേടിയെത്തിയത്.
2019ലെ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ആക്രമണമായിരുന്നു ഇതിൽ ആദ്യത്തേത്. ഇതോടെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി വിദേശസഞ്ചാരികൾ ശ്രീലങ്കയെ ഒഴിവാക്കുന്ന നിലയുണ്ടായി. ഈ പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിനിടെയാണ് 2020-ൽ കൊവിഡ് വരുന്നത്. കൊവിഡ് പ്രതിസന്ധിയിൽ തകർന്ന ശ്രീലങ്കയ്ക്ക് ഏറ്റ അടുത്ത വലിയ ആഘാതമായിരുന്നു 2022-ലെ സാമ്പത്തിക തകർച്ച…
ഇങ്ങനെ തുടർച്ചയായ പ്രതിസന്ധികൾക്ക് ശേഷമാണ് നിലവിൽ കമ്പനി പ്രവർത്തലാഭം നേടിയത്. 2008-ന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കൻ എയർലൈൻസ് ലാഭത്തിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ കമ്പനിയിൽ നിക്ഷേപിക്കാൻ വിദേശകമ്പനികൾ രംഗത്ത് വരുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ജിസിസിയിലെ പ്രമുഖ വിമാനക്കമ്പനികൾ പലതും ശ്രീലങ്കൻ എയർലൈൻസ് അധികൃതരുമായി ചർച്ചയിലാണ്. എയർഇന്ത്യയെ ഏറ്റെടുത്ത ടാറ്റാ ഗ്രൂപ്പും നിക്ഷേപസാധ്യത പരിശോധിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ 14 നഗരങ്ങളിൽ നിലവിൽ ശ്രീലങ്കൻ എയർലൈൻസ് സർവ്വീസ് നടത്തുന്നുണ്ട്.
നിലവിൽ കൊളംബോയിലെ ഭണ്ഡാരെനായ്കെ അന്താരാഷ്ട്രവിമാനത്താവളം ഹബ്ബാക്കി പ്രവർത്തിക്കുന്ന ശ്രീലങ്കൻ എയർലൈൻസ് 61 രാജ്യങ്ങളിലെ 126 നഗരങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. 23 വിമാനങ്ങളാണ് നിലവിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ 23 വിമാനങ്ങളിൽ നിന്ന് 40 വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് ശ്രീലങ്കൻ എയർലൈൻസിൻ്റെ പദ്ധതി ഇതോടെ വരുമാനം കൂടുതൽ വർധിപ്പിക്കാനാകും എന്നാണ് അവരുടെ പ്രതീക്ഷ.