ചെന്നൈ: ഷാറൂഖ്ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജവാൻ്റെ വിതരണവകാശം സ്വന്തമാക്കി ശ്രീഗോകുലം മൂവീസ്. ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ – വിതരണ കമ്പനിയാണ് ശ്രീഗോകുലം മൂവീസ്.
തമിഴ്നാട്ടിലേയും കേരളത്തിലേയും ജവാൻ്റെ വിതരണവകാശമാണ് റെക്കോർഡ് തുകയ്ക്ക് ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയത്. ഏതാണ്ട് അൻപത് കോടിയോളം രൂപ ഇതിനായി ശ്രീഗോകുലം മൂവീസ് ചിലവിടുമെന്നാണ് സൂചന. കേരളത്തിൽ ഡ്രീം ബിഗ് ഫിലിസും തമിഴ്നാട്ടിൽ റെഡ് ഗിയൻ്റ് മൂവീസുമായും സഹകരിച്ചാവും ചിത്രം പ്രദർശനത്തിന് എത്തിക്കുക. ഇടപാട് സ്ഥിരീകരിച്ചും ജവാൻ്റെ നിർമ്മാതാക്കളായ റെഡ് ചില്ലീസ് എൻ്റർടെയ്ൻമെന്റ് കമ്പനിക്ക് നന്ദി പറഞ്ഞും ശ്രീഗോകുലം മൂവീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജവാൻ്റെ വിതരണവകാശം സ്വന്തമാക്കിയതോടെ തുടർച്ചയായി ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ദക്ഷിണേന്ത്യയിലെ നമ്പർ വൺ കമ്പനിയായും ശ്രീഗോകുലം മൂവീസ് മാറുകയാണ്. നിലവിൽ തീയേറ്റററുകളിൽ നിറഞ്ഞോടുന്ന രജനീകാന്ത് ചിത്രം ജയിലർ ശ്രീഗോകുലം മൂവീസാണ് റിലീസ് ചെയ്തത്. അടുത്ത മാസം ആണ് ജവാൻ റിലീസാവുന്നത്. ഒക്ടോബറിൽ വിജയ് – ലോകേഷ് കനകരാജ് ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം ലിയോയും ശ്രീഗോകുലം മൂവീസ് തന്നെയാണ് റിലീസ് ചെയ്യുന്നത്.