29 വര്‍ഷമായി ആദിവാസി യുവതിയെ കോഴിക്കോട് ഒരു വീട്ടില്‍ അടിമവേല ചെയ്യിക്കുന്നതായുള്ള പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ശിവ എന്ന യുവതിയെ ഹാജരാക്കണമെന്ന് പിതാവ് പാലക്കാട് കോട്ടത്തറ പളനിസ്വാമി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
ഹര്‍ജിയില്‍ ജില്ല ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എന്നിവരില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. പന്നിയങ്കര ഗീത ഹൗസില്‍ പരേതനായ പികെ ഗിരീഷിന്റെ വീട്ടില്‍ ബാല്യം മുതല്‍ ശിവ ജോലി ചെയ്യുന്നുണ്ടെന്ന്് പിതാവ് നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ശിവയെ അടിമവേലയില്‍ നിന്ന് മോചിപ്പിക്കണമെന്നും 8.86 ലക്ഷം രൂപ ശമ്പള കുടിശ്ശിക നല്‍കണമെന്നും 2019 ജൂലൈയില്‍ കോഴിക്കോട് ജില്ല കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കിയിരുന്നില്ല. കഴിഞ്ഞമാസം 25ന് ഡിജിപിക്കും പൊലീസിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിരുന്നില്ല.
രണ്ടാനച്ഛന്റെ കൂടെ താമസിക്കുമ്പോഴായിരുന്നു ശിവയെ 11 ാം വയസില്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഇടനിലയില്‍ കോഴിക്കോട്ടെ വ്യാപാരിയുടെ വീട്ടില്‍ എത്തിച്ചത്. സിപിഎം അനുകൂല വ്യാപാരി വ്യവസായി സമിതിയുടെ നേതാവായിരുന്നു ഇയാള്‍. ഇത്തരത്തില്‍ യുവതിയെ വിട്ടു കിട്ടണമെന്ന പരാതികള്‍ അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.
അടിമവേല നടക്കുന്നതായി 2019ല്‍ അന്നത്തെ ജില്ല കളക്ടര്‍ എസ് സാംബശിവ റാവു വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ വീട്ടില്‍ തന്നെ താമസിക്കാമെന്ന് കളക്ടര്‍ ഉത്തരവിട്ടത് ഇവരെ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് തടസ്സമായി.