ദേശീയ ചലച്ചിത്ര അവാര്‍ഡ് വിധി നിര്‍ണയത്തിലെ അട്ടിമറിയെക്കുറിച്ച് വെളിപ്പെടുത്തി സംവിധായകന് സിബി മലയില്‍. സംവിധായകന് പിടി കുഞ്ഞു മുഹമ്മദിന്റെ സംവിധാനത്തിലൊരുങ്ങിയ പരദേശി സിനിമയിലെ ഗാനത്തിന് ഗായിക സുജാതയ്ക്ക് ലഭിക്കേണ്ട ദേശീയ അവാര്‍ഡ് ബാഹ്യഇടപെടല്‍ മൂലം ശ്രേയ ഘോഷാലിന് ലഭിച്ചെന്നാണ് സിബി മലയില്‍ പറഞ്ഞത്. പിടി കുഞ്ഞു മുഹമ്മദിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ‘പിടി കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരദേശി എന്ന സിനിമയിലെ ‘തട്ടം പിടിച്ച് വലിക്കല്ലേ’ എന്ന ഗാനത്തിന് സുജാതയ്ക്ക് ദേശീയ അവാര്‍ഡ് നല്കാന് ജൂറി തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം മാറ്റുകയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് തന്നെ മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് അവാര്‍ഡ് കൊടുത്തൂടെ എന്നാല്‍ പരിപാടി കൊഴുക്കുമെന്നും ചെയര്മാന് പറഞ്ഞിരുന്നതായും സിബി മലയില്‍ പറഞ്ഞു.
ചിത്രത്തിന് ആകെ ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരം മേക്ക് അപ്പിന് പട്ടണം റഷീദിനാണെന്നും അദ്ദേഹം പറഞ്ഞു.
സിബി മലയിലിന്റെ വാക്കുകള്‍
ഛായാഗ്രാഹകന്‍ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികള്‍. ‘പരദേശി’ക്ക് സംവിധായകന്, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനായി വാദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാല്‍ ഉച്ചഭക്ഷണത്തിനെന്ന പോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവല്‍ ഡയര്ക്ടര് ആര്‍ക്കാണ് ഗായികയ്ക്കുള്ള അവാര്‍ഡ് എന്ന് ചോദിച്ചു.
സുജാതയാണെന്ന് അറിഞ്ഞപ്പോള്‍ ‘ജബ് വി മെറ്റി’ലെ ഗാനം കേട്ടിട്ടില്ലേ എന്ന് ചോദിച്ചു. അദ്ദേഹം തന്നെ മുന്‍കൈ എടുത്ത് കാസറ്റ് എടുത്ത് വന്ന് പ്രദര്‍ശിപ്പിച്ചു. അവാര്‍ഡ് ശ്രേയ ഘോഷാലിന് നല്‍കുകയും ചെയ്തു. ജൂറിക്ക് രഹസ്യ സ്വഭാവമുണ്ടെങ്കിലും കാലം കുറെ ആയതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്.