വിഗ്നേഷ് വിജയകുമാര്‍ നിര്‍മിച്ച് എം എ നിഷാദ് സംവിധാനം ചെയ്ത ‘അയ്യര്‍ ഇന്‍ അറേബ്യ’ കാലത്തോട് സംവദിക്കുന്ന ചിത്രമെന്ന് കെ ടി ജലീല്‍ എം.എല്‍.എ. വര്‍ത്തമാനത്തിന്റെ അരുതായ്മകളോടും തെറ്റായ ധാരണകളോടും കലഹിക്കുവാന്‍ സിനിമയോളം നല്ല ഒരു മാധ്യമം ഉണ്ടോ എന്ന് സംശയമാണ്. അത്തരത്തില്‍ വര്‍ത്തമാന കാലത്തെക്കുറിച്ച് വ്യക്തമായി പറയുന്ന ചിത്രമാണ് അയ്യര്‍ ഇന്‍ അറേബ്യയെന്നും കെ ടി ജലീല്‍ പറഞ്ഞു. 2014 ന് ശേഷം പൊതുവെ ഇന്ത്യയില്‍ സ്വസംസ്കാരാഭിമാന ബോധം അതിര് വിടുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതേതുടര്ന്ന് ഭാരതീയ ദര്‍ശനങ്ങളുടെ മൃദുത്വവും കാര്‍ക്കശ്യതയില്ലായ്മയും പതിയെപ്പതിയെ അപ്രത്യക്ഷമായി. മൂഢമായ അന്ധവിശ്വാസങ്ങള്‍ വിദ്യാസമ്പന്നരെപ്പോലും സ്വാധീനിച്ചു. അയല്പക്ക ബന്ധങ്ങളില്‍ ഒരുതരം അകല്‍ച്ച പ്രതിഫലിക്കാന്‍ തുടങ്ങി. ‘മതം’ നായകസ്ഥാനത്തു നിന്ന് വില്ലന്‍ വേഷത്തിലേക്ക് വഴിമാറി. കേരളത്തില്‍ പൊതുവെ ഇത്തരം ധാരണകള്‍ക്ക് പ്രചാരം ലഭിച്ചില്ലെങ്കിലും സവര്‍ണ്ണബോധം വേരറ്റുപോകാത്ത ദേശങ്ങളില്‍ സാമൂഹ്യബന്ധങ്ങളില്‍ കാതലായ മാറ്റം പ്രകടമായത് വിഷമത്തോടെയെങ്കിലും നമ്മള് അറിഞ്ഞു.
ഗോമൂത്രത്തിനും ചാണകമിഠായിക്കും വ്യാപകമായല്ലെങ്കിലും മലയാളികള്‍ക്കിടയിലും പ്രിയമേറി. പാലിന് പശുവിനെ വളര്‍ത്തുന്ന ക്ഷീരകര്‍ഷക പാരമ്പര്യത്തില്‍ നിന്ന് ആരാധനാമൂര്‍ത്തിയെ പരിപാലിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. ഭാരതീയമല്ലാത്തതൊന്നും സ്വീകാര്യമല്ലെന്ന ബോധം കുത്തിവെക്കാന്‍ സംഘടിത നീക്കങ്ങളാണ് രാജ്യമൊട്ടുക്കും നടക്കുന്നത്. സഹോദര നാഗരികതകളും സംസ്കാരങ്ങളും അധമമാണെന്ന ചിന്ത സമൂഹത്തില്‍ ധ്രുതഗതിയിലാണ് പ്രചാരം നേടുന്നത്. ഉപജീവനം തേടി കടല്‍കടന്ന് പോകുന്നത് പോലും ഉത്തമമല്ലെന്ന ശങ്ക പല ശുദ്ധാത്മാക്കളിലും നാമ്പിട്ടു. അറബി ഭാഷയും ഗള്‍ഫുനാടുകളും ചിലര്‍ക്കെങ്കിലും അലര്‍ജിയായി.
രാജ്യത്ത് വളരുന്ന പ്രതിലോമ പ്രവണതകളെ രൂക്ഷമായ പരിഹാസത്തിലൂടെ കേരളീയ പശ്ചാതലത്തില്‍ അവതരിപ്പിക്കുന്ന കലാസൃഷ്ടിയാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’.
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒഴുക്കിനനുകൂലമായി നീന്താന്‍ തിടുക്കം കൂട്ടുമ്പോള്‍ ഒഴുക്കിനെതിരെ നീന്താനും ആളുകളുണ്ടെന്ന പ്രഖ്യാപനമാണ് ഈ സിനിമ. മനുഷ്യ വികാരങ്ങളെ വളച്ചുകെട്ടാതെ ഋജുവായി അവതരിപ്പിക്കുകയാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന ചലചിത്രം എന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മുകേഷ് എന്ന നടന്റെ അഭിനയ മികവ് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സംവിധായകന് സാധിച്ചു. ഉര്‍വശി പതിവുപോലെ പ്രകടനം ഗംഭീരമാക്കി. ധ്യാന്‍ശ്രീനിവാസനും ഷൈന്‍ടോമും അലന്‍സിയറും സുധീര്‍ കരമനയും ജാഫര്‍ ഇടുക്കിയും ബിജു സോപാനവും സുനില്‍ സുഗതനും അവരവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി. കുടുംബസമേതം മലയാളികള്‍ കാണേണ്ട ഒരു നല്ല സിനിമ. കുടുസ്സായ മനസ്സുകളെ വിശാലമാക്കാന്‍ ഉപകരിക്കുന്ന മികച്ചൊരു ചലചിത്രമാണ് ഇതെന്നും കെ ടി ജലീല്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘അയ്യര്‍ ഇന്‍ അറേബ്യ’: കാലത്തോട് സംവദിക്കുന്ന ചലചിത്രം.
വര്‍ത്തമാനത്തിന്റെ അരുതായ്മകളോടും തെറ്റായ ധാരണകളോടും കലഹിക്കുവാന്‍ സിനിമയോളം നല്ല ഒരു മാധ്യമം ഉണ്ടോ എന്ന് സംശയമാണ്. 2014 ന് ശേഷം പൊതുവെ ഇന്ത്യയില്‍ സ്വസംസ്കാരാഭിമാന ബോധം അതിര് വിടുന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അതേതുടര്ന്ന് ഭാരതീയ ദര്‍ശനങ്ങളുടെ മൃദുത്വവും കാര്‍ക്കശ്യതയില്ലായ്മയും പതിയെപ്പതിയെ അപ്രത്യക്ഷമായി. മൂഢമായ അന്ധവിശ്വാസങ്ങള്‍ വിദ്യാസമ്പന്നരെപ്പോലും സ്വാധീനിച്ചു. അയല്പക്ക ബന്ധങ്ങളില്‍ ഒരുതരം അകല്‍ച്ച പ്രതിഫലിക്കാന്‍ തുടങ്ങി. ‘മതം’ നായകസ്ഥാനത്തു നിന്ന് വില്ലന്‍ വേഷത്തിലേക്ക് വഴിമാറി. കേരളത്തില്‍ പൊതുവെ ഇത്തരം ധാരണകള്‍ക്ക് പ്രചാരം ലഭിച്ചില്ലെങ്കിലും സവര്‍ണ്ണബോധം വേരറ്റുപോകാത്ത ദേശങ്ങളില്‍ സാമൂഹ്യബന്ധങ്ങളില്‍ കാതലായ മാറ്റം പ്രകടമായത് വിഷമത്തോടെയെങ്കിലും നമ്മള് അറിഞ്ഞു.
ഗോമൂത്രത്തിനും ചാണകമിഠായിക്കും വ്യാപകമായല്ലെങ്കിലും മലയാളികള്‍ക്കിടയിലും പ്രിയമേറി. പാലിന് പശുവിനെ വളര്‍ത്തുന്ന ക്ഷീരകര്‍ഷക പാരമ്പര്യത്തില്‍ നിന്ന് ആരാധനാമൂര്‍ത്തിയെ പരിപാലിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി. ഭാരതീയമല്ലാത്തതൊന്നും സ്വീകാര്യമല്ലെന്ന ബോധം കുത്തിവെക്കാന്‍ സംഘടിത നീക്കങ്ങളാണ് രാജ്യമൊട്ടുക്കും നടക്കുന്നത്. സഹോദര നാഗരികതകളും സംസ്കാരങ്ങളും അധമമാണെന്ന ചിന്ത സമൂഹത്തില്‍ ധ്രുതഗതിയിലാണ് പ്രചാരം നേടുന്നത്. ഉപജീവനം തേടി കടല്‍കടന്ന് പോകുന്നത് പോലും ഉത്തമമല്ലെന്ന ശങ്ക പല ശുദ്ധാത്മാക്കളിലും നാമ്പിട്ടു. അറബി ഭാഷയും ഗള്‍ഫുനാടുകളും ചിലര്‍ക്കെങ്കിലും അലര്‍ജിയായി.
രാജ്യത്ത് വളരുന്ന പ്രതിലോമ പ്രവണതകളെ രൂക്ഷമായ പരിഹാസത്തിലൂടെ കേരളീയ പശ്ചാതലത്തില്‍ അവതരിപ്പിക്കുന്ന കലാസൃഷ്ടിയാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’.
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒഴുക്കിനനുകൂലമായി നീന്താന്‍ തിടുക്കം കൂട്ടുമ്പോള്‍ ഒഴുക്കിനെതിരെ നീന്താനും ആളുകളുണ്ടെന്ന പ്രഖ്യാപനമാണ് ഈ സിനിമ. മനുഷ്യ വികാരങ്ങളെ വളച്ചുകെട്ടാതെ ഋജുവായി അവതരിപ്പിക്കുകയാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’ എന്ന ചലചിത്രം.
പട്ടണങ്ങളിലെ ഫ്ലാറ്റു സമുച്ഛയങ്ങള്‍ പണ്ടൊക്കെ ബഹുസ്വരമായിരുന്നു. എന്നാല്‍ ആ പതിവിന് വിഘ്നം സംഭവിച്ചിരിക്കുന്നു. നാനാത്വം ഉല്‍ഘോഷിക്കാന്‍ പേരിനാരെങ്കിലും ഉണ്ടായാലായി. അത്തരമൊരു ജീവിത ചുറ്റുപാടില്‍ ‘അയ്യരെന്ന’ വാലില്‍ അഭിരമിച്ച് ജീവിക്കുന്ന കുടുംബനാഥനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ശ്രീനിവാസ അയ്യരുടെ ഭാര്യ ഝാന്‍സിറാണി ശരിയായ ബോധ്യങ്ങളുള്ള ചരിത്രാദ്ധ്യാപികയാണ്. തിരുത്തപ്പെടുന്ന ചരിത്രമല്ല യഥാര്‍ത്ഥ ചരിത്രമെന്നാണ് അവരുടെ ഉറച്ച വിശ്വാസം. വികലമായ ചരിത്രം അവതരിപ്പിച്ച് അറിവുള്ളവരുടെ സിരകളില്‍ പോലും വര്‍ഗ്ഗീയ വിഷം കുത്തിവെക്കാന്‍ ‘പ്രമുഖ്’മാര്‍ ശ്രമിക്കുമ്പോള്‍ അതിനെ വസ്തുതകള്‍ നിരത്തി ടീച്ചറായ അയ്യരുടെ ഭാര്യ പൊളിച്ചടുക്കുന്നത് പുതിയ കാലത്ത് ഏറെ പ്രസക്തമാണ്.
യാഥാസ്തികനെങ്കിലും കുടുംബ സ്നേഹിയാണ് ശ്രീനിവാസ അയ്യര്‍. ഭാര്യയും മകനുമാകട്ടെ ബഹുവര്‍ണ്ണ സമൂഹത്തിന്റെ സൗന്ദര്യം ജീവിതാനുഭവങ്ങളിലൂടെ ബോദ്ധ്യംവന്നവരാണ്. ഭര്‍തൃസ്നേഹം ഒട്ടും ചോര്‍ന്നുപോകാതെത്തന്നെ ഭര്‍ത്താവിന്റെ വികല ധാരണകളെ ചെറിയ ചെറിയ നര്‍മ്മ സംഭാഷണങ്ങളിലൂടെ ഝാന്‍സി കളിയാക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും രസകരമായാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’യില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആര്‍ക്കിറ്റെക്ചറല്‍ എഞ്ചിനീയറായ മകന് ദുബായിയില്‍ പോകാന്‍ താല്പര്യം കാണിക്കുമ്പോള്‍ ‘ഭാരതീയ സാംസ്കാരിക വിശുദ്ധി’ കളങ്കപ്പെടുമെന്ന് ഭയന്ന് ശ്രീനിവാസ അയ്യരതിനെ നിരുല്സാഹപ്പെടുത്തുന്നു. നാടുവിട്ട് പോകണമെങ്കില്‍ എന്തുകൊണ്ട് നേപ്പാളിലേക്ക് പോയിക്കൂടെന്ന അദ്ദേഹത്തിന്റെ ചോദ്യം കാണികളില്‍ ചിരി പടര്‍ത്തും. മകന്റെ ആഗ്രഹം തല്ലിക്കെടുത്താന്‍ അവസാന ശ്രമവും അയ്യര്‍ നടത്തുമ്പോള്‍ മാതൃസ്നേഹം ഉള്ളം നിറച്ച് അതെല്ലാം പരാജയപ്പെടുത്തുകയാണ് ഝാന്സിട്ടീച്ചര്. അങ്ങിനെ രാഹുല്‍, മണലാരണ്യത്തിലെ അതിസുന്ദരിയായ ദുബായിയിലേക്ക് പറന്നു.
ദുബായ് എല്ലാ വൈവിദ്ധ്യങ്ങളെയും ഒരുകൊച്ചു ചഷകത്തില്‍ വേര്‍തിരിക്കാനാകാത്ത വിധം സമന്വയിപ്പിക്കുന്ന മണ്ണാണ്. ലോകത്തുള്ള എല്ലാ മനുഷ്യരുടെ മുഖവും ഒരു കൈക്കുമ്പിളില്‍ കാണാന്‍ ദുബായിയോളം യോജ്യമായ നാട് വേറെയില്ല. വിവിധ വിശ്വാസങ്ങളും സംസ്കാരങ്ങളും അവിടെ ഇഴുകിച്ചേര്‍ന്നു നില്ക്കുന്നു. ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും മതം വേലിക്കെട്ടുകള്‍ തീര്‍ക്കാത്ത ദേശം. അവിടെയെത്തിയ രാഹുല്‍, ഫ്രെഡിയും ഫൈസലും ഉള്‍പ്പടെയുള്ള ചങ്ങാതിമാരുമൊത്ത് സൗഹൃദ പൊയ്കയില്‍ നന്മ ചോരാതെ ജീവിതം ആസ്വദിക്കുകയാണ്. മകന്റെ ഓരോ ചലനങ്ങളും തന്റെ സുഹൃത്തിലൂടെ ശ്രീനിവാസ അയ്യര്‍ മനസ്സിലാക്കി. രാഹുലും തന്റെ സഹപാഠിയും സഹപ്രവര്‍ത്തകയുമായ സുബൈര്‍ ഹാജിയുടെ മകള്‍ സൈറയും തമ്മിലുള്ള പ്രണയത്തെ കുറിച്ചറിഞ്ഞ അയ്യര്‍, ഭാര്യയേയും കൂട്ടി മകനെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ദുബായിയിലേക്ക് വിമാനം കയറി.
അവിടെയെത്തിയ അയ്യര്‍ ജീവിതത്തിലാദ്യമായി ദേശവും ഭാഷയും സംസ്കാരവും വിശ്വാസവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ബഹുസ്വരമായി ജീവിക്കുന്ന സമൂഹത്തെ കണ്ട് അല്‍ഭുതംകൂറി. ദുബായിയിലെ യാത്രക്കിടെ അയ്യര്‍ തന്റെ സ്നേഹിതനുമൊത്ത് ഭക്ഷണം കഴിക്കാന്‍ കയറിയത് ഒരു പാക്കിസ്ഥാനി റസ്റ്റോറന്റില്‍. ”പച്ചകളുടെ’ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോരാനുള്ള അയ്യരുടെ ശ്രമം ‘അടുത്തൊന്നും വേറെ ഹോട്ടലില്ലെന്ന്’ പറഞ്ഞ് സുഹൃത്ത് തടഞ്ഞു. അങ്ങിനെ ആദ്യമായി ശ്രീനിവാസ അയ്യര്‍ ഭാരതീയ സംസ്കാരത്തിന്റെ ‘കണ്‍കണ്ട’ ശത്രുക്കളുടെ ഭോജനശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചു.
കറാച്ചി ദര്‍ബാറില്‍ സപ്ലയറെ കണ്ടപ്പോഴാണ് അയ്യര്‍ ശരിക്കും ഞെട്ടിയത്. നാട്ടിലെ റസിഡന്റ് അസോസിയേഷന്റെ ‘ധര്‍മ്മോപദേശ ക്ലാസില്‍’ ഭാരതീയ സംസ്കാരത്തിന്റെ മഹത്വം പഠിപ്പിച്ച അതേ ”പ്രമുഖ്’ വെയിറ്ററുടെ വേഷത്തില്‍ തന്റെ മുന്നില്‍ നില്ക്കുന്നു! കുടുംബം പോറ്റാന്‍ മറ്റു വഴികളില്ലാത്തത് കൊണ്ട് നാടുവിടേണ്ടി വന്നതാണെന്ന് അദ്ദേഹം സങ്കോചമില്ലാതെ പറയുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുകയും ബിസിനസ് നടത്തുകയും ചെയ്യുന്ന ‘സംഘി’കളുടെ ശിരസ്സ് കുനിയുമെന്നുറപ്പ്.
സൈറയെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് അയ്യരും സുഹൃത്തും സുബൈര്‍ ഹാജിയുടെ സഹായം തേടി. ഇരുഭാഗത്തും സമ്മര്‍ദ്ദം മുറുകി. അന്യമതക്കാരന് മകളെ കെട്ടിച്ച് കൊടുത്താലുണ്ടാകുന്ന ഭവിഷ്യത്ത് സുബൈര്‍ ഹാജിയെ പറഞ്ഞ് മനസ്സിലാക്കാന്‍ മുസ്ലിങ്ങളിലെ ‘മതപരിവര്‍ത്തന പ്രോല്‍സാഹന കമ്മിറ്റി’ക്കാരും എത്തി. അവരുടെ കള്ളക്കളി പൊളിച്ച ഫൈസലിനെ അവര്‍ ഫ്ലാറ്റില്‍ നിന്ന് ഇറക്കിവിട്ടു. അയ്യരുടെ ഭാര്യ ഝാന്‍സിക്ക് സൈറയെ നന്നേ ബോധിച്ചു.
തന്റെ മകനെ പിഴപ്പിച്ചത് ഫ്രെഡിയും സുഹൃത്തുക്കളുമാണെന്ന ധാരണയില്‍ ശ്രീനിവാസ അയ്യര്‍ ഫ്രെഡിയുടെ സ്ഥാപനത്തില്‍ ചെന്ന് അയാളെ കണക്കിന് ശകാരിച്ചു. ഇതറിഞ്ഞ രാഹുല്‍ അച്ഛനുമായി വഴക്കിടുന്നു. പൂണൂലിന്റെ ഗരിമ പറഞ്ഞ അച്ഛനോട് അതെന്നേ താന്‍ ഉപേക്ഷിച്ച വിവരം ഷര്‍ട്ടുയര്‍ത്തി രാഹുല്‍ വെളിപെടുത്തിയത് അയ്യരെ ശരിക്കും തളര്‍ത്തി. സന്ദര്‍ഭത്തിന്റെ ഗൗരവം മനസ്സിലാക്കി ഝാന്‍സി, അമ്മയില്‍ നിന്ന് പെട്ടന്ന് ഒരു യഥാര്‍ത്ഥ ഭാര്യയായി. അച്ഛനോട് പറയാന്‍ പാടില്ലാത്തത് പറഞ്ഞുവെന്ന മട്ടില്‍ ടീച്ചര്‍ മകനെ അടിച്ചു. ഭാര്യാ-ഭര്‍തൃ ബന്ധത്തിന്റെ രസതന്ത്രം മുഴുവന്‍ പ്രതിഫലിച്ച രംഗമാണത്.
അമ്മയുടെ അടി രാഹുലിന്റെ മുഖത്തല്ല, ഹൃദയത്തിലാണ് കൊണ്ടത്. സങ്കടം അണപൊട്ടിയ വികാരത്തില്‍ അവന് കാറെടുത്ത് മരുഭൂമിയിലേക്ക് വിട്ടു. വഴിയറിയാതെ മണല്ക്കാട്ടില് അവന് ഒറ്റപ്പെട്ടു. പിന്നീട് സംഭവിച്ചത് ശ്വാസം അടക്കിപ്പിടിച്ചേ കാണാനാകൂ. മനുഷ്യരുടെ മതാതീതമായ സൗഹൃദവും പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളും അയ്യരെ ഏകശിലാ സംസ്കാരത്തിന്റെ തടവറയില്‍ നിന്ന് മോചിതനാക്കി. ശ്രീനിവാസ അയ്യര്‍, നടപ്പിലും ഇരിപ്പിലും വസ്ത്രധാരണത്തിലുമെല്ലാം നനാത്വത്തെ പുല്കിയ ഒരു സാമൂഹ്യ ജീവിയാകുന്നതോടെ ‘അയ്യര്‍ ഇന്‍ അറേബ്യ’ അവസാനിക്കുന്നു.
എം.എ നിഷാദിന്റെ കഥയിലും തിരക്കഥയിലും സംവിധാനത്തിലും അണിഞ്ഞൊരുങ്ങിയ സിനിമ, കഥയുടെ സവിശേഷത കൊണ്ടുമാത്രമല്ല, ദൃശ്യഭംഗികൊണ്ടും ശ്രദ്ധേയമായി. ശാന്തമായ ഒരു പുഴയുടെ ഒഴുക്കുപോലെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’ അഭ്രപാളിയില്‍ മുന്നേറുന്നത്. പാട്ടുകളും നൃത്തച്ചുവടുകളും ആകര്‍ഷണീയമാണ്. മുകേഷ് എന്ന നടന്റെ അഭിനയ മികവ് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സംവിധായകന് സാധിച്ചു. ഉര്‍വശി പതിവുപോലെ പ്രകടനം ഗംഭീരമാക്കി. ധ്യാന്‍ശ്രീനിവാസനും ഷൈന്‍ടോമും അലന്‍സിയറും സുധീര്‍ കരമനയും ജാഫര്‍ ഇടുക്കിയും ബിജു സോപാനവും സുനില്‍ സുഗതനും അവരവരുടെ വേഷങ്ങള്‍ മികവുറ്റതാക്കി. കുടുംബസമേതം മലയാളികള്‍ കാണേണ്ട ഒരു നല്ല സിനിമ. കുടുസ്സായ മനസ്സുകളെ വിശാലമാക്കാന്‍ ഉപകരിക്കുന്ന മികച്ചൊരു ചലചിത്രം.