ബ്രസീലിനെ ഞെട്ടിപ്പിച്ച സ്കൂളുകളിലെ വെടിവെപ്പ് നടത്തിയത് 16കാരനായ കൗമാരക്കാരൻ. വെടിവെപ്പുണ്ടായ സർക്കാർ സ്കൂളിലെ പൂർവവിദ്യാർഥിയായ പ്രതി നാസി ചിഹ്നങ്ങൾ ധരിച്ചാണ് തോക്കുമായെത്തിയത്.
അതേസമയം ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പരിക്കേറ്റ അധ്യാപികയാണ് ഏറ്റവും ഒടുവിൽ മരണത്തിന് കീഴടങ്ങിയതെന്ന് സ്റ്റേറ്റ് ഗവർണർ അറിയിച്ചു.
എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസിൽ സർക്കാർ സ്കൂളിലും സമീപത്തെ സ്വകാര്യ സ്കൂളിലും വെള്ളിയാഴ്ച്ചയാണ് വെടിവെപ്പുണ്ടായത്. ആദ്യം ഇവിടത്തെ അധ്യാപകരുടെ നേർക്ക് പ്രതി നിറയൊഴിക്കുകയായിരുന്നു. രണ്ടു പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ബുള്ളറ്റ് പ്രൂഫ് വസ്ത്രവും മുഖംമൂടിയും ധരിച്ച അക്രമി സെമി ഓട്ടോമാറ്റിക് കൈത്തോക്ക് ഉപയോഗിക്കുന്നത് സുരക്ഷാ കാമറയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം വിദ്യാർഥി അടക്കം കൊല്ലപ്പെട്ട ആക്രമണത്തിൽ 11 പേർക്കാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് അധ്യാപകരുടെയും ഒരു വിദ്യാർത്ഥിയുടെയും നില ഗുരുതരമായി തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.