കൊച്ചി : തനിക്കെതിരെ ഏറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത ലഹരിക്കേസ് റദ്ദാക്കാൻ ഷൈൻ ടോം ചാക്കോ നിയമനടപടിക്ക് ഒരുങ്ങുന്നു. കേസെടുക്കാൻ ചുമത്തിയ വകുപ്പുകൾ ദുർബലമാണെന്ന് അഭിഭാഷകരുടെ നിയമോപദേശം കിട്ടിയതോടെയാണ് എഫ്ഐആർ റദ്ദാക്കാനുള്ള നീക്കം നടൻ ആരംഭിച്ചത്. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ നിയമനടപടികൾ തുടങ്ങിയേക്കും.
ലഹരിക്കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളായതിനാൽ ഇന്നലെ തന്നെ ഷൈൻ സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മലപ്പുറം സ്വദേശി മുർഷിദ് എന്നയാളുമായി ഹോട്ടൽ മുറിയിൽ എത്തിയത് എന്നും എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. ഇയാളെയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഷൈനിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുകയും ചെയ്തു.
അതേസമയം ചോദ്യം ചെയ്യല്ലിന് ഹാജരായ ഷൈൻ ടോം ലഹരി പരിശോധനയ്ക്ക് സ്വമേധയാ സമ്മതമറിയിച്ചത് പൊലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. ലഹരിമരുന്ന് സാന്നിധ്യം കണ്ടെത്താതിരിക്കാൻ ഇയാൾ മറുമരുന്ന് ഉപയോഗിച്ചോ എന്നാണ് സംശയിക്കുന്നത്. ആൻ്റിഡോട്ടുകൾ കഴിച്ചാൽ ലഹരിമരുന്ന് സാന്നിധ്യം പരിശോധനയിൽ കണ്ടെത്താനാവില്ല. ഹോട്ടലിൽ നിന്നും ഇറങ്ങിയോടി 48 മണിക്കൂറിന് ശേഷമാണ് ഷൈൻ പൊലീസിന് മുൻപിലെത്തിയത് എന്നതിനാൽ ഇയാൾക്ക് ആൻ്റി ഡോട്ട് കഴിക്കാൻ ആവശ്യത്തിന് സമയം കിട്ടിയിട്ടുണ്ട്.