കണ്ണൂര്‍ ഉളിക്കലില്‍ നെല്ലിക്കാംപൊയില്‍ സ്വദേശി ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉളിക്കല്‍ ടൗണിലെ മാര്‍ക്കറ്റിനടുത്താണ് ജോസിന്റെ മൃതദേഹം കിടന്നിരുന്നത്. ആന്തരികാവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു ജോസിന്റെ മൃതശരീരം. ആന ഓടുന്നതിനിടെ പറ്റിയതാകാമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ശരീരത്തില്‍ ആനയുടെ ചവിട്ടേറ്റതിന് സമാനമായ പാടുകളുമായിരുന്നു.
കഴിഞ്ഞ ദിവസം ടൗണിലെത്തിയ കാട്ടാനയെ ഇന്ന് പുലര്‍ച്ചെയോടെയാണ് കര്‍ണാടക വനത്തിലേക്ക് തുരത്തിയത്.
നെല്ലിക്കാംപൊയിലിലെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് ജോസ് ഇറങ്ങിയത്.കാണാതായതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആനയെ കാണാന്‍ എത്തിയ കൂട്ടത്തില്‍ മരിച്ച ജോസും ഉണ്ടായിരുന്നു. പടക്കം പൊട്ടിച്ചതോടെ ആന ഓടി. ഇതിനിടെ ജനക്കൂട്ടവും ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടെ വീണു പോയതാകാമെന്നാണ് കരുതുന്നത്.