മഞ്ഞുപുതച്ചുറങ്ങുന്ന അന്നപൂർണയ്ക്കും നീലാകാശത്തിനുമിടയിൽ അറബ് ലോകത്തിന്റെ യശസുയർത്തി ഖത്തറിന്റെ പതാക പാറിപ്പറന്നു. ലോകത്തിലെ പത്താമത്തെ വലിയ കൊടുമുടിയായ അന്നപൂർണ 1 കീഴടക്കിയ പ്രഥമ അറബ് വനിതയെന്ന പദം സ്വന്തമാക്കിയിരിക്കുകയാണ് ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി എന്ന ഖത്തറി പർവതാരോഹക. സമുദ്രനിരപ്പിൽ നിന്നും 8,091 മീറ്റർ ഉയരത്തിലുള്ള പർവതമാണ് അന്നപൂർണ. ഇതിനോടകം 8000 മീറ്റർ ഉയരത്തിന് മുകളിലുള്ള പർവതങ്ങളിൽ 7 എണ്ണമാണ് അസ്മ കാൽചുവട്ടിലൊതുക്കിയത്.
എവറസ്റ്റ് കൊടുമുടി,കെ2,കാഞ്ചൻജംഗയുെ ആദ്യം തന്നെ കീഴടക്കി. ഒപ്പം തന്നെ ഉത്തര ദക്ഷിണ ദ്രുവങ്ങൾ കീഴടക്കിയ പ്രഥമ ഖത്തറി വനിതയെന്ന നേട്ടവും പിന്നാലെയെത്തി.മാത്രമല്ല എവറസ്റ്റ് കീഴടക്കി 24 മണിക്കൂറിനുള്ളിൽ ലോട്സെ കൊടുമുടിയും കീഴടക്കി റെക്കോർഡ് നേട്ടവും അസ്മ കരസ്ഥമാക്കി. ഏഴ് കൊടുമുടികളും ഉത്തര-ദക്ഷിണ ദ്രുവങ്ങളും സ്വന്തമാക്കി ഗ്രാന്റ് സ്ലംഎന്ന സ്വപ്ന നേട്ടം സ്വന്തമാക്കുകയാണ് അസ്മയുടെ ഏറ്റവും വലിയ സ്വപ്നം
കിളിമാഞ്ചാരോ,അകോൺക്വാഗാ, എൽബ്രസ്,വിൻസൺ മാസിഫ്,അമാ ദബ്ലം,ദൗലഗിരി,മനാസ്ലു എന്നീ കൊടുമുടികൾ നേരത്തെ തന്നെ കീഴടക്കിയിരുന്നു.ഖത്തർ ഒളിമ്പിക് കമ്മിറ്റി മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി ജോലി നോക്കുകയാണ് ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി.