യുഎഇയിലെ സംസ്കാരങ്ങളെ സമന്വയിപ്പിക്കുകയെന്ന പ്രമേയത്തോടെ അവതരിപ്പിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. വൈകിട്ട് നാല് മണിക്കാണ് വർണാഭമായ ഉദ്ഘാടന ചടങ്ങ് നടക്കുക. എമിറേറ്റ്സ് ഫൗണ്ടൻ ഷോ, വിവിധ രാജ്യക്കാരുടെ പരേഡ്, മിലിറ്ററി ഹെറിറ്റേജ് മ്യൂസിക് ഷോ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും ഫെസ്റ്റിവലിൽ അടുത്തറിയാം. 4 മാസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ നാലായിരത്തിലേറെ വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവിധ വിഭവങ്ങൾ രുചിക്കാൻ 60 റസ്റ്ററന്റുകളുമുണ്ട്. യൂണിയൻ പരേഡ്, ദേശീയ ദിനാഘോഷം, പുതുവർഷാഘോഷം, ഗ്ലോബൽ പരേഡ്, അൽവത്ബ കസ്റ്റം ഷോ എന്നിവയുമുണ്ടാകും. കുട്ടികൾക്കായി പ്രത്യേക കളിക്കളവും സജ്ജമാക്കിയിട്ടുണ്ട്. വൈകിട്ട് 4 മുതൽ 11 വരെയാണു പ്രവേശനം.
ഫെസ്റ്റിവലിന്റെ ഭാഗമായി തിങ്കൾ മുതൽ വ്യാഴം വരെ 8 ബസുകളും വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ 10 ബസുകളും അബുദാബിയുടെ വിവിധ ഭാഗങ്ങളിൽനിന്നും തിരിച്ചും സൗജന്യ സർവീസ് നടത്തും. കൂടൂതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.itc.gov.ae സന്ദർക്കാം.