ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന് മൂന്നാമത്തെ കുഞ്ഞ് പിറന്നു. മകന് മുഹമ്മദ് എന്ന് പേരിട്ടു. ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായ വിവരം പങ്കുവെച്ചത്.
രണ്ട് കൈകൾക്ക് മുകളിൽ ഒരു കുഞ്ഞിന്റെ പാദങ്ങൾ വരച്ച ചിത്രമാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചേർത്തിരിക്കുന്നത്. ഇരട്ടകുട്ടികളുടെ പിതാവ് കൂടിയാണ് ഷെയ്ഖ് ഹംദാൻ. കുഞ്ഞിന് മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് ആൽമക്തൂം എന്ന് പേരിട്ടതായും പോസ്റ്റിൽ വ്യക്തമാക്കി.
ഷെയ്ഖ് ഹംദാനും ഭാര്യ ഷെയ്ഖ ബിൻത് സയീദ് ബിൻഥാനി ആൽ മക്തൂമിനും 2021 മെയ് 21നാണ് ഇരട്ടകുട്ടികൾ പിറന്നത്. ഇവരിൽ ആൺകുഞ്ഞിന് റാഷിദെന്നും പെൺകുഞ്ഞിന് ശൈഖ എന്നുമാണ് പേരിട്ടത്. ഇൻസ്റ്റഗ്രാമിൽ മാത്രം 15.4 മില്യൺ ഫോളോവേഴ്സുള്ള കിരീടാവകാശി കുട്ടികളുമൊത്തുള്ള ചിത്രങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഷെയ്ഖ ബിൻത് സയീദ് ബിൻഥാനി ആൽ മക്തൂമും ഷെയ്ഖ് ഹംദാന്റെ സ്റ്റോറി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. രാജകുടുംബത്തിലെ നിരവധി അംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർ ഇരുവർക്കും ആശംസാ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചു.