തിരുവനന്തപുരം എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന് ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയാർ പുരസ്കാരം ലഭിച്ചു. ഫ്രഞ്ച് സർക്കാരിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണിത്. ശശി തരൂരിന്റെ രചനകളുടെയും പ്രസംഗങ്ങളുടെയും അടിസ്ഥാനത്തിലാണ് പുരസ്കാരം.
ഫ്രഞ്ച് ഭാഷയെയും സംസ്കാരത്തെയും ആദരിക്കുകയും ഫ്രാൻസുമായുള്ള ബന്ധത്തെ ബഹുമാനത്തോടെ കാണുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ പുരസ്കാരത്തിനർഹമായതിൽ വളരെ അധികം സന്തോഷമുണ്ട് എന്ന് തരൂർ ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷം തരൂർ നടത്തിയ ഫ്രഞ്ച് ഭാഷയിലെ പ്രസംഗം എംബസി ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും അത്ഭുതപ്പെടുത്തിയിരുന്നു.
1802 ൽ നെപോളിയൻ ബോണപ്പാർട്ടാണ് ഷെവലിയർ ബഹുമതി എന്ന ആശയം കൊണ്ട് വന്നത്. ഫ്രാൻസിലെ മന്ത്രിമാരുടെ ഇന്ത്യ സന്ദർശന സമയത്ത് പുരസ്കാരം തരൂരിന് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.