വയനാട് :കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
പട്രോളിങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജി കടുവയെ അനുയോജ്യമായ സാഹചര്യത്തിൽ വെടിവയ്ക്കാൻ ഉന്നതല യോഗത്തിൽ തീരുമാനിച്ചത്.
ജനവാസ മേഖലയോട് ചേർന്നുള്ള വനമേഖലകളിലെ അടിക്കാടുകൾ വളർന്ന് നിൽക്കുന്നത് വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നുണ്ടെന്നും ഇത്തരം പ്രദേശങ്ങളിലെ അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റാൻ വനം വകുപ്പിന് നിർദേശം നൽകി. സ്വകാര്യത്തോട്ടം മേഖലകളിലെ അടിക്കാടുകൾ തോട്ടം ഉടമകൾ വെട്ടണം. കാടുകൾ വെട്ടുന്നതിന് ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാട് വെട്ടാത്ത ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കാടിനു പുറത്തുള്ള പ്രദേശങ്ങളിലെ അടിക്കാടുകൾ വെട്ടുന്നതിന് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. വന്യമൃഗങ്ങൾ കൂടുതലായി ഇറങ്ങുന്ന ജനവാസ മേഖലകളിലും പ്രശ്ന സാധ്യതാ പ്രദേശങ്ങളിലും ഫെബ്രുവരി ഒന്നിനകം കൂടുതൽ എഐ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ജില്ലയ്ക്ക് 100 ക്യാമറകളാണ് അനുവദിക്കുക. സംസ്ഥാനത്ത് ആകെ 400 എഐ ക്യാമറകൾ മാർച്ച് 31 നകം സ്ഥാപിക്കും.