തിരുവനന്തപുരം: വിവാദമായ കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ ശശി തരൂർ. ഇത് നിങ്ങളുടെ കേരളത്തിൻ്റെ കഥയായിരിക്കുമെന്നും, ഞങ്ങളുടെ കേരളത്തിൻ്റെ കഥ ഇങ്ങനെയല്ലെന്നും ശശി തരൂർ പറഞ്ഞു. ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവച്ചു കൊണ്ട് തരൂർ ട്വിറ്ററിൽ ഇങ്ങനെ പറഞ്ഞത്.
It may be *your* Kerala story. It is not *our* Kerala story. pic.twitter.com/Y9PTWrNZuL
— Shashi Tharoor (@ShashiTharoor) April 30, 2023
വിപുൽ അമൃത്ലാൽ ഷാ നിർമ്മിച്ച് സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമയാണ് ദി കേരള സ്റ്റോറി. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ച് തീവ്രവാദസംഘടനയായ ഐഎസ്ഐഎസിൽ ചേരുന്നതാണ് ചിത്രത്തിൻ്റെ കഥ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയതെന്നാണ് അണിയറപ്രവർത്തകരുടെ അവകാശവാദം.
ചിത്രത്തിൻ്റെ ട്രെയ്ലിർ കഴിഞ്ഞ ആഴ്ച പുറത്തു വന്നതോടെ ദേശീയമാധ്യമങ്ങളിലടക്കം വാർത്തയാവുന്ന തരത്തിൽ വിവാദങ്ങൾ രൂപപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കം പ്രമുഖ നേതാക്കൾ ചിത്രത്തിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. കേരളത്തിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച് ഐഎസിൽ ചേർന്ന പത്ത് സ്ത്രീകളുടെ വിവരങ്ങൾ തരുന്നവർക്ക് ഒരു കോടി വരെ പ്രതിഫലം വാഗ്ദാനം ചെയ്ത് യൂത്ത് ലീഗും രംഗത്ത് എത്തിയിട്ടുണ്ട്.
Now there’s an opportunity for all those hyping the alleged conversions of 32,000 women on Kerala to Islamism — to prove their case and make some money. Will they be up to the challenge or is there simply no proof because none exists? #NotOurKeralaStory pic.twitter.com/SrwaMx556H
— Shashi Tharoor (@ShashiTharoor) May 1, 2023
കേരളത്തെ വർഗീയമായി വിഭജിക്കുകയും അവഹേളിക്കുകയും ചെയ്യുക എന്ന സംഘപരിവാർ അജൻഡയുടെ ഭാഗമായിട്ടാണ് ഈ സിനിമ വന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് –
വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന “കേരള സ്റ്റോറി” എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുകവഴി സംഘപരിവാർ പ്രൊപഗണ്ടകളെ ഏറ്റുപിടിക്കുകയാണ് ഈ സിനിമ ചെയ്യുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന.
കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗണ്ട സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാൻ. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്.
കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. മറ്റിടങ്ങളിലെ പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജകഥകളിലൂന്നിയ സിനിമ വഴി വിഭജനരാഷ്ട്രീയം പയറ്റാൻ ശ്രമിക്കുന്നത്. ഒരു വസ്തുതയുടെയും തെളിവിന്റെയും പിൻബലത്തിലല്ല സംഘപരിവാർ ഇത്തരം കെട്ടുകഥകൾ ചമയ്ക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് ഈ വ്യാജ കഥ.
നാട്ടിൽ വിഭാഗീയതയും ഭിന്നിപ്പുമുണ്ടാക്കാൻ മാത്രം സിനിമയെ ഉപയോഗിക്കുന്നവരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നതും ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗ്ഗീയവൽക്കരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ല. വർഗീയ – വിഭാഗീയ നീക്കങ്ങളെ മലയാളികൾ ഒന്നടങ്കം തള്ളിക്കളണമെന്നഭ്യർത്ഥിക്കുന്നു. വ്യാജ പ്രചാരണങ്ങളിലൂടെ സമൂഹത്തിൽ അശാന്തി പരത്താനുള്ള വർഗീയ ശ്രമങ്ങൾക്കെതിരെ എല്ലാവരുടെയും ജാഗ്രത ഉണ്ടാകണം. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.