ഷാർജ പൊലീസിൻറെ ഹാപ്പിനസ് അംബാസഡറായി കേണൽ മോന സുരൂർ അൽ ഷുവൈഹി. അന്താരാഷ്ര വനിതാ ദിനത്തോട് ചേർത്തുവയ്ക്കാവുന്ന നേട്ടമാണിത്. മൂന്ന് മക്കളുടെ അമ്മയായ അൽ ഷുവൈഹി 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
1991ൽ യു.എ.ഇ സർവകലാശാലയിൽനിന്ന് ബയോളജിയിൽ ബിരുദം നേടിയശേഷം സെക്കൻഡ് ലെഫ്റ്റനൻറായി സേനയിൽ ചേർന്നു. പ്രത്യേക സൈനിക പരിശീലനം പാസായശേഷം ആദ്യമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറിലും ഫോറൻസിക് ലാബിലും ജോലിയിൽ പ്രവേശിച്ചു. അവിടെ വിദഗ്ധസഹായിയായി ആറുവർഷം ജോലിചെയ്തു.
1997ൽ ശിക്ഷാ പുനരധിവാസ സ്ഥാപനങ്ങളുടെ വകുപ്പിലേക്ക് മാറി. രണ്ടുവർഷത്തിനുശേഷം 1999ൽ വനിത ജയിൽ ബ്രാഞ്ചിൻറെ ഡയറക്ടറായി നിയമിതയായി. അക്കാലത്ത് ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ വനിത ഓഫിസറായിരുന്നു അൽ ഷുവൈഹി. 2019ൽ സോഷ്യൽ സപ്പോർട്ട് ഡിപ്പാർട്മെൻറ് ഡയറക്ടറായും നിയമിതയായി. സംസ്ഥാന ജയിലുകളിൽ പെട്ടെന്നുള്ള ഇടപെടലുകൾക്കായി വനിത സേനയെ ആദ്യമായി വളർത്തിയെടുത്തത് അൽ ഷുവൈഹിയാണ്. തടവുകാരുടെ ക്വാളിറ്റി ഓഫ് ലൈഫ് ടീമിൻറെ മേധാവി കൂടിയാണ് അവർ. അന്തേവാസികളുടെ കുട്ടികളെ പരിപാലിക്കുന്നതിനായി രാജ്യത്തെ ആദ്യത്തെ പ്രോജക്ടായ ‘ദാർ അൽ അമൻ’ സ്ഥാപിച്ചതും അൽ ഷുവൈഹിയാണ്.