ഷാർജ രാജ്യാന്തര പുസ്തകമേള ഇന്നുമുതൽ ആരംഭിക്കും. എക്സ്പോ സെന്ററിൽ നടക്കുന്ന 41–ാമത് പുസ്തകമേള ഈ മാസം 13 വരെ നീണ്ടുനിൽക്കും. ഇക്കുറി മലയാളത്തിന്റെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയം. ലോകത്തെങ്ങുനിന്നുമുള്ള പ്രസാധകർ മേളയുടെ ഭാഗമാകാൻ ഷാർജയിൽ എത്തിക്കഴിഞ്ഞു.
ലോകമെമ്പാടുമുള്ള പ്രസാധകർ തങ്ങള്‍ക്ക് അനുവദിച്ച സ്റ്റാളുകളിൽ പുസ്തകങ്ങൾ പ്രദർശനത്തിനും വിൽപനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നും മനോരമ പബ്ലിക്കേഷൻസ്, ഡിസി ബുക്സ്, മാതൃഭൂമി ബുക്സ്, ഗ്രീൻ ബുക്സ്, മാക് ബെത്ത് പബ്ലിക്കേഷൻസ്, കൈരളി ബുക്സ്, ഹരിതം ബുക്സ്, സൈകതം ബുക്സ്, ഒലിവ് ബുക്സ്, ലിപി ബുക്സ് തുടങ്ങി നിരവധി പ്രസാധകരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരും പ്രഭാഷകരുമായ സുനിൽ പി.ഇളയിടം, സി.വി. ബാലകൃഷ്ണൻ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, നടൻ ജയസൂര്യ, സംവിധായകൻ പ്രിജേഷ് സെൻ തുടങ്ങിയവരും മേളയിലെത്തി. കൂടാതെ, ഇന്ത്യയിൽ നിന്ന് ഗീതാഞ്ജലി ശ്രീ, ദീപക് ചോപ്ര, രവി സുബ്രഹ്മണ്യൻ, ഉഷാ ഉതുപ്പ് തുടങ്ങിയവരും പങ്കെടുക്കും.