പുസ്തക പ്രേമികളുടെ ആഗോള വേദിയായ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ 41-ാമത് പതിപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. നവംബർ 2 മുതല്‍ 13 വരെ ഷാർജ എക്സ്പോ സെന്ററിലാണ് ബുക്ക് ഫെയര്‍ നടക്കുകയെന്ന് ഷാർജ ബുക്ക് അതോറിറ്റി വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള നൂറുകണക്കിന് പ്രഗത്ഭരായ എഴുത്തുകാരും ബുദ്ധിജീവികളും ഷാര്‍ജ ബുക്ക് ഫെയറിന്റെ ഭാഗമാകും. ലോകപ്രസിദ്ധരായ കവികളും സര്‍ഗാത്മക പ്രവര്‍ത്തകരും വിവിധ സെഷനുകളിലായി പങ്കെടുക്കും. ഇറ്റലിയാണ് ഈ വർഷത്തെ വിശിഷ്ടാതിഥിയെന്നും സംഘാടകര്‍ അറിയിച്ചു.
‘സ്പ്രെഡ് ദി വേഡ്’ എന്ന തീം അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ മേള സംഘടിപ്പിക്കുന്നത്. വാക്കുകളുടെ യഥാർത്ഥ ശക്തിയേയും വാക്കുകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ചെലുത്തുന്ന സ്വാധീനത്തേയും സൂചിപ്പിച്ചാണ് തീം തയ്യാറാക്കിയിരിക്കുന്നത്. ഒരു ജനത രൂപപ്പെടുത്തുന്നതില്‍ പുസ്തകങ്ങളും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും വഹിക്കുന്ന പങ്കിനെക്കുറിച്ചും സംഘാടകര്‍ സൂചിപ്പിച്ചു.
നാടിന്റെ അടിസ്ഥാന വികസനത്തിനും സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഉന്നമനത്തിനും വിജ്ഞാനം മൂലധനമാക്കുക എന്ന ലക്ഷ്യത്തോടെ ഷാര്‍ജ അമ്പതുവര്‍ഷമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ നിര്‍വഹിക്കുന്നതെന്ന് ചെയര്മാന് അഹമ്മദ് ബിൻ റക്കാദ് അൽ അമേരി വ്യക്തമാക്കി. എല്ലാ സൃഷ്ടിപരമായ പരിശ്രമങ്ങളുടെയും കാതൽ വാക്കുകളാണെന്ന് ജനറൽ കോ-ഓർഡിനേറ്റർ ഖൗല അൽ മുജൈനിയും പറഞ്ഞു.
ലോകമെമ്പാടുമുളള ആയിരത്തിലധികം പ്രസാധരുടെ പുസ്തകങ്ങൾ മേളയിലേക്കെത്തും. വിനോദ വിജ്ഞാന സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ അഗോള വേദികൂടിയായി പുസ്തകമേള മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.