അബുദാബി: പ്രമുഖ വ്യവസായിയും എൻഎംസി ഗ്രൂപ്പ് സ്ഥാപകനുമായ ബിആർ ഷെട്ടി യുഎഇയിൽ തിരിച്ചെത്തി. അബുദാബിയിൽ ബാപ്സ് ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ മുൻപാണ് ക്ഷേത്രനിർമ്മാണസമിതിയുടെ അധ്യക്ഷനായിരുന്ന ബിആർ ഷെട്ടി അബുദാബിയിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച അബുദാബി വിമാനത്താവളത്തിലെത്തിയ ബിആർ ഷെട്ടിയെ കർണാടകയിൽ നിന്നുള്ള പ്രവാസികൾ ചേർന്ന് സ്വീകരിച്ചു.
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡയും പഞ്ചാബ് നാഷണൽ ബാങ്കും നിയമപരമായി നീങ്ങുകയും പിന്നാലെ അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറങ്ങുകയും ചെയ്തിരുന്നു. ഇമിഗ്രേഷൻ വകുപ്പും ഷെട്ടിയുടെ വിദേശയാത്രകൾ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യാത്രാവിലക്കിനെതിരെ കർണാടക ഹൈക്കോടതിയെ ഷെട്ടി സമീപിച്ചിരുന്നു. ഷെട്ടിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഉപാധികളോടെ യാത്രവിലക്ക് താത്കാലികമായി മരവിപ്പിച്ചു.
ബി.ആർ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതോടെ ബാങ്കുകൾ അദ്ദേഹത്തിനെതിരെ എൽഒസി ഇറക്കിയത്. 2021-ൽ അബുദാബിയിലേക്ക് പോകാനായി ബെംഗളൂരുവിൽ എത്തിയ ഷെട്ടിയ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെ അദ്ദേഹത്തിന് യുഎഇയിലേക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇതിനെതിരെ അന്ന് ഷെട്ടി കർണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും യാത്രാവിലക്ക് പിൻവലിക്കാൻ കോടതി തയ്യാറായിരുന്നില്ല.
അബുദാബി ആസ്ഥാനമായി 1974-ൽ ബിആർ ഷെട്ടി സ്ഥാപിച്ച എൻഎംസി ഹെൽ പിന്നീട് മിഡിൽ ഈസ്റ്റിലെ മുൻനിര ആരോഗ്യപരിപാലന ശൃംഖലയായി വളർന്നിരുന്നു. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ ലിസ്റ്റ് ചെയ്ത ഈ കമ്പനിക്ക് 2018-ൽ 8.6 ബില്ല്യൺ പൗണ്ട് മൂല്യം കണക്കാക്കിയിരുന്നു. എന്നാൽ പിന്നീട് കമ്പനിയുടെ കടം കുറച്ചു കാണിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ തന്നെ ഷെട്ടിക്കെതിരെ തിരിയുകയായിരുന്നു.
ഷെട്ടി 1974-ൽ അബുദാബിയിൽ സ്ഥാപിച്ച എൻഎംസി ഹെൽത്ത്, മിഡിൽ ഈസ്റ്റിൽ ആശുപത്രികൾ നടത്തുന്ന ലണ്ടനിൽ ലിസ്റ്റുചെയ്ത ഒരു ഹെൽത്ത് കെയർ ഓപ്പറേറ്ററായിരുന്നു. ഇത് ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ശേഷം 2017 ൽ FTSE 100-ൽ പ്രവേശിച്ചു, 2018-ൽ അതിൻ്റെ ഏറ്റവും ഉയർന്ന മൂല്യത്തിൽ 8.6 ബില്യൺ പൗണ്ടായിരുന്നു.