ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ രൂക്ഷവിമർശനവുമായി ബോളിവുഡ് സംവിധായകൻ വിവേക് രഞ്ജൻ അഗ്നിഹോത്രി. ഈ കാലത്തും മൂന്ന് തീവണ്ടികൾ കൂട്ടിമുട്ടിയിച്ചെന്ന് കേൾക്കുന്നത് നാണക്കേടാണെന്നും ആരാണ് ഇതിനൊക്കെ ഉത്തരം പറയേണ്ടതെന്നും വിവേക് അഗ്നിഹോത്രി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സംവിധായകൻ്റെ ചോദ്യം.
വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ ട്വീറ്റ്
ദാരുണവും അങ്ങേയറ്റം ലജ്ഞാകരവുമാണിത്. എങ്ങനെയാണ് മൂന്ന് ട്രെയിനുകൾ ഇക്കാലത്ത് കൂട്ടിയിടിച്ച് അപകടമുണ്ടാവുന്നത്. ആരാണ് ഇതിനൊക്കെ ഉത്തരം പറയേണ്ടത്? ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു, ഓം ശാന്തി
Tragic and very shameful. How can 3 trains be involved in this age and time? Who is answerable? Prayers for all the families. Om shanti. https://t.co/6qa5AYufOV
— Vivek Ranjan Agnihotri (@vivekagnihotri) June 3, 2023
ഇന്നലെ രാത്രി 6.50-നും ഏഴു മണിയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സിൽ ഇടിച്ച് പാളം തെറ്റിയതോടെയാണ് അപകടം ആരംഭിക്കുന്നത്. കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ ട്രാക്കിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തൊട്ടടുത്ത ട്രാക്കിലേക്ക് മറിഞ്ഞ കോച്ചുകളിലേക്ക് യശ്വന്ത്പുർ ഹൗറ സൂപ്പർ ഫാസ്റ്റും ഇടിച്ചുകയറി. കോറമണ്ഡലിന്റെ പതിനാല് ബോഗികളും യശ്വന്ത്പുർ ഹൗറ എക്സ്പ്രസിന്റെ രണ്ട് ബോഗികളും അപകടത്തിൽ പാളംതെറ്റി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ വീതം റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ടുലക്ഷം രൂപ വീതം നൽകും. ട്രെയിൻ ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു അഗാധ ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അപകടത്തിന് പിന്നാലെ 48 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. 39 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കേന്ദ്രസർക്കാരിൻ്റെ ഒൻപതാം വാർഷികആഘോഷങ്ങൾ നിർത്തിവച്ചു. തമിഴ്നാട്ടിൽ മുൻമുഖ്യമന്ത്രി കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷങ്ങളും തത്കാലത്തേക്ക് നിർത്തിവച്ചു.