ദില്ലി: ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മാതാവ് യമനിലെത്തി. ഇന്നലെ രാത്രിയാണ് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ അംഗവും യെമനിൽ വ്യവസായിയുമായ സാമുവൽ ജെറോമും യെമനിലെത്തിയത്.
കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തെ കണ്ട് ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകൾ നടത്താനാണ് ഇവരുടെ ശ്രമം. ജയിലിലെത്തി നിമിഷ പ്രിയയേയും അമ്മ നേരിൽ കാണുമെന്ന് അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ അറിയിച്ചു. നിമിഷ പ്രിയയുടെ അമ്മ യെമനിലെത്തിയതോടെ അനിശ്ചിതാവസ്ഥയിലായ മോചന ശ്രമങ്ങൾക്ക് പുതിയ വേഗം കിട്ടുമെന്ന പ്രതീക്ഷയിലാണ് സേവ് നിമിഷ പ്രിയ ഫോറം പ്രവർത്തകർ.
സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് തൻ്റെ പ്രതീക്ഷയാണ് ഇന്നലെ യെമനിലേക്ക് പോകും മുൻപ് പ്രേമകുമാരി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഏഴ് വർഷം മുൻപാണ് പ്രേമകുമാരി അവസാനമായി മകളെ കണ്ടത്. ഇന്നലെ പുലർച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അഞ്ചുമണിക്കാണ് യമനിലേക്ക് പുറപ്പെട്ടത്. മകളെ കാണാനും യെമൻ ജനതയോട് മാപ്പ് പറയാനും വേണ്ടിയാണ് ഈ യാത്രയെന്ന് പ്രേമകുമാരി പറഞ്ഞിരുന്നു.
ജിബൂട്ടിയിലെ ഇന്ത്യൻ എംബസി പ്രേമകുമാരിയേയും സാമുവൽ ജെറോമിനേയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആഭ്യന്തരകലാപം രൂക്ഷമായ യെമനിൽ സർക്കാരും വിമതരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള ജയിലിലാണ് നിമിഷപ്രിയയുള്ളത്. അതിനാൽ തന്നെ നയതന്ത്ര തലത്തിൽ നിമിഷപ്രിയയുടെ മോചനത്തിനായി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു കേന്ദ്രസർക്കാർ.
ഇന്നലെ രാത്രി യെമനിലെത്തിയ പ്രേമകുമാരി റോഡ് മാർഗ്ഗം സനയിലേക്ക് പോകും. ജയിലിലെത്തി നിമിഷ പ്രിയയെ കണ്ട ശേഷം ഗോത്ര നേതാക്കളുമായി ഇവർ ചർച്ച നടത്തും. ഗോത്ര നേതാക്കളുടെ മധ്യസ്ഥതയിലാവും കൊല്ലപ്പെട്ട യെമനീസ് പൗരൻ്റെ കുടുംബത്തെ കാണുക. ഈ ചർച്ചയിൽ ബ്ലെഡ് മണി സ്വീകരിക്കുന്നതിലേക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.