താന്‍ എഴുതാത്ത പരീക്ഷ ജയിച്ചെന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആര്‍ഷോ പറഞ്ഞു.
2020 അഡ്മിഷന് ആണ് ഞാന്‍. 2021 ലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള റെഗുലര്‍ റിസള്‍ട്ടിന്റെ കൂടെയാണ് ഈ റിസള്‍ട്ട് തെറ്റായ നിലക്ക് പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. അത് എന്റെ റിസള്‍ട്ടല്ല. ഞാന്‍ ആ പരീക്ഷ എഴുതിയ ആളല്ല. അതിന് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. ആ വിദ്യാര്‍ത്ഥികളുടെ റെഗുലര്‍ പരീക്ഷയോടൊപ്പം എന്റെ റിസള്‍ട്ട് ഒരു കാരണവശാലും വരാന്‍ പാടില്ലാത്തതാണ് എന്ന് പലയാവര്‍ത്തി പറഞ്ഞതാണ്. ഈ വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും ആര്‍ഷോ പറഞ്ഞു.
പ്രിന്‍സിപ്പാള്‍ പലവട്ടം വാക്കുമാറ്റി പറയുകയാണെന്നും ആര്‍ഷോ കുറ്റപ്പെടുത്തി. മാധ്യമങ്ങളും തനിക്കെതിരെ വ്യാജ വാര്‍ത്ത കൊടുത്തു. കാണുമ്പോള്‍ ഓടി കയറാനുള്ള ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്എഫ്ഐ. എസ്.എഫ്.ഐയെ തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പാള്‍ ഇന്നും പറഞ്ഞകാര്യങ്ങള്‍ മാറ്റി പറഞ്ഞു. വിഷയത്തില്‍് കോളേജ് പ്രിന്സിപാളിന്റെ വീഴ്ചകള്‍ പരിശോധിക്കണം.
രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ പറയാന്‍ ശ്രമിച്ചത് പിഎം ആര്‍ഷോ എന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ അധ്യാപകരെ സ്വാധീനിച്ച് വ്യാജമായി സര്‍ട്ടിഫിക്കറ്റുണ്ടാക്കുന്ന, വ്യാജമായി പരീക്ഷ പാസാകുന്ന ഒരാളാണ് എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയാണ്. ക്യാംപസിനകത്ത് ഉണ്ടായ കാര്യങ്ങളില്‍ അന്വേഷണം ഉണ്ടാവേണ്ടതാണ്. അതിനപ്പുറം ചില മാധ്യമ ഗൂഢാലോചനകള്‍ ഉണ്ടായിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്. ഞാനുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കുന്ന സമയ പശ്ചാത്തലം വളരെ വ്യക്തമാണ്. അമല്‍ ജ്യോതി കോളേജില്‍ ഒരു പെണ്‍കുട്ടി ഇന്സ്റ്റിറ്റിയൂഷന് മര്ഡറിനിരയായതിനെ തുടര്‍ന്ന് ശക്തമായ സമരം എസ്എഫ്ഐ ഏറ്റെടുത്ത്, ആ സമരവുമായി എസ് എഫ്ഐ മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് ഈ വിവാദം എന്നും ആര്‍ഷോ പറഞ്ഞു.