തിരുവനന്തപുരം:നേതാക്കളുടെ ധാർഷ്ട്യത്തോടെയുള്ള പെരുമാറ്റം മാറ്റണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചുള്ളതല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റാനിടയാകുന്ന ശൈലി മാറ്റണമെന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഓരോ അംഗത്തിനും ബാധകമാണ്.
ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ശൈലിയെ കുറിച്ചാണ് കേന്ദ്ര കമ്മിറ്റി പറഞ്ഞതെന്ന വിലയിരുത്തൽ വേണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.അതേസമയം, എസ്.എഫ്.ഐയ്ക്ക് പ്രാകൃത സ്വഭാവമാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമർശനത്തിന് പ്രത്യക്ഷത്തിൽ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും പദാനുപദമായി മറുപടി പറയാനില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.
പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചുപോവേണ്ടതാണ്. എല്ലാ പ്രശ്നങ്ങളും മുന്നണിയിൽ ചർച്ച ചെയ്ത് പരിഹാരം തേടുകയാണ് വേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്രകമ്മിറ്റി അംഗീകരിച്ചത് സംസ്ഥാനകമ്മിറ്റിയുടെ കണ്ടെത്തലെന്ന് പറഞ്ഞ ഗോവിന്ദൻ മുഖ്യമന്ത്രിയായാലും പാർട്ടി സെക്രട്ടറിയായാലും തെറ്റ് എന്തെങ്കിലുമുണ്ടെങ്കിൽ തിരുത്തും. തെറ്റ് തിരുത്തുമെന്ന തീരുമാനത്തെ മുഖ്യമന്ത്രിയുടെ ശൈലിയായി വ്യാഖ്യാനിക്കേണ്ട.എവിടെയൊക്കെ അഹന്ത ഉണ്ടോ അവിടെയൊക്കെ തിരുത്തുമെന്നും പറഞ്ഞു.