തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയിൽ ചൂണ്ടിക്കാട്ടി പ്രതിപക്ഷം. സഭ നിർത്തിവെച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് സ്പീക്കർ തള്ളി. റോഡുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാർ പരാജയപ്പെട്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ നജീബ് കാന്തപുരം കുറ്റപ്പെടുത്തി. വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തത് അപകടങ്ങൾ വർധിക്കുന്നതിനും ഗതാഗത തടസത്തിനും കാരണമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് പിഡബ്ല്യുഡിക്കുള്ളതെന്നും റോഡ് നിർമ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നൽകുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളിൽ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു.മണിച്ചിത്രത്താഴ് സിനിമയിൽ കുതിരവട്ടം പപ്പു ചെവിയിൽ ചെമ്പരത്തി പൂ വെച്ച് ചാടി ചാടി പോകുന്നതുപോലെ പോകേണ്ട അവസ്ഥയല്ലേ ഉള്ളതെന്നും നജീബ് കാന്തപുരം ചോദിച്ചു. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് നടു റോഡിലൂടെ പോകേണ്ടിവരുന്നത്. കുഴികൾ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. എന്നാൽ, ഇപ്പോൾ കുളങ്ങൾ എണ്ണിയാൽ തീരുമോ?.
റോഡിൽ വീണ് സ്ത്രീകൾക്ക് ഗർഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിൻറെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.അടിയന്തര പ്രമേയം കൊണ്ടുവന്ന നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചുവെന്നും വിമർശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നജീബ് കാന്തപുരത്തെ ഗംഗയെന്നും നാഗവല്ലി എന്നുമാണ് മന്ത്രി റിയാസ് പരിഹസിച്ചത്. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.