കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിട്ട് ഇന്ത്യയിൽനിന്നുള്ള ഏഴുന്നൂറ് വിദ്യാർഥികൾ. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു കാട്ടിയാണ് വിദ്യാർഥികളെ നാടുകടത്താനൊരുങ്ങുന്നത്. 20 ലക്ഷം രൂപ മുടക്കി എത്തിയവരാണ് ചതിക്കുഴിയിൽപ്പെട്ടിരിക്കുന്നത്. അഡ്മിഷൻ ഫീസ് അടക്കം ഒരു വിദ്യർഥിയിൽനിന്ന് 16 ലക്ഷം രൂപയാണ് ഈടാക്കിയത്. വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെടാതെയാണ് ഇത്. കാനഡയിൽ ഇത്തരത്തിൽ ഒരു തട്ടിപ്പ് ആദ്യമായാണെന്നാണ് വിവരം.
2018–19ലാണ് വിദ്യാർഥികൾ പഠനത്തിനായി കാനഡയിലേക്കു പോയത്. ഇപ്പോൾ കാനഡയിൽ പിആറിനായി (പെർമനന്റ് റെസിഡൻസി) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. ജലന്ധർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യുക്കേഷൻ മൈഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർഥികൾ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിച്ചത്.
ബ്രിജേഷ് മിശ്ര എന്നയാളാണ് ഈ സ്ഥാപനത്തിന്റെ മേധാവി. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽനിന്ന് വിദ്യാർഥികൾക്ക് നോട്ടിസ് ലഭിച്ചതായാണ് വിവരം. പിആറിന്റെ ഭാഗമായി അഡ്മിഷൻ ഓഫർ ലെറ്റർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മിക്ക വിദ്യാർഥികളും പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയവരാണ്.