സിനിമ-സീരിയല്‍ നടി അപര്‍ണ നായരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് സഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച കരമന തളിയിലെ വീട്ടിനുള്ളില്‍ അപര്‍ണയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ട് പേരും മദ്യപിച്ചുവെന്നും ഇതിനിടെ വാക്കു തര്‍ക്കമുണ്ടായെന്നുമാണ് ഭര്‍ത്താവ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നത്. വാക്കു തര്‍ക്കത്തിനിടെ കുപ്പിയെടുത്ത് അപര്‍ണ തന്റെ തലയ്ക്കടിച്ചു. ഉപദ്രവം കൂടിയപ്പോള്‍ മൂന്നു വയസുകാരിയായ കുഞ്ഞിനെയും കൂട്ടി പുറത്തുപോയി എന്നാണ് സഞ്ജിത്ത് പറഞ്ഞത്.
ഭര്‍ത്താവിന്റെ പീഡനം കാരണമാണ് അപര്‍ണ മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍ സഞ്ജിത്തിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്താനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കരമന പൊലീസ് പറഞ്ഞു.