തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി കേന്ദ്രത്തോട് സ്പെഷ്യൽ പാക്കേജ് ആവശ്യപ്പെട്ട് കേരളം. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്നര ശതമാനമായി കടമെടുപ്പ് പരിധി ഉയർത്തണമെന്നും, അത് ഉപാധി രഹിതമായിരിക്കണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇത്തവണത്തെ ബജറ്റിൽ വിഴിഞ്ഞം തുറമുഖ പദ്ധതി, വയനാട് പുനരധിവാസം എന്നിവയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.ഊർജ്ജമേഖലയിലെ നേട്ടത്തിന് അനുവദിച്ച 1.5 ശതമാനം തുടരണമെന്നും ആവശ്യപ്പെടുന്നു. മാന്ദ്യം മറികടക്കാൻ 24000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്.
തിരിച്ചടവ് വ്യവസ്ഥയില്ലാത്ത വിജിഎഫ് അടക്കം വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 5000 കോടിയും ആവശ്യപ്പെടുന്നു.കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ശാശ്വത പരിഹാരത്തിന് കേന്ദ്ര ബജറ്റിൽ ഇത്തവണ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് കേരളത്തിൻറെ കണക്കുകൂട്ടൽ. 4500 കോടിയെങ്കിലും മാറ്റി വെക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യ മൃഗ സംഘർഷ മേഖലകളിൽ പ്രശ്ന പരിഹാരത്തിന് ആയിരം കോടിയെങ്കിലും വകയിരുത്തലും പ്രതീക്ഷിക്കുന്നുണ്ട്.