തോൽവിയോടെ ഗ്രാൻഡ് സ്ലാമിൽ നിന്നും വിടപറഞ്ഞ് സെറീന വില്യംസ്. യു എസ് ഓപ്പൺ ടെന്നീസ് രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയയുടെ അജ്ല ടോംലിയാനോവിനോടാണ് ഇതിഹാസ താരത്തിന്റെ തോൽവി. മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവിലാണ് താരത്തിന്റെ പരാജയം. സ്കോർ: 5-7, 7-6 (4), 1-6.
2022 യു.എസ്.ഓപ്പണോടെ ലോക ടെന്നീസില്‍നിന്നും വിരമിക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പുതന്നെ സെറീന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ‘വിരമിക്കല്‍ എന്ന വാക്ക് ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അതൊരു സ്ഥിരം വാക്കാണ്. മാറ്റത്തിലേക്കുള്ള ഒരു യാത്രയുടെ തുടക്കമായി ഈ വാക്കിനെ കാണാനാണ് എനിക്ക് ആഗ്രഹം. എന്നെ സ്നേഹിക്കുന്ന കായികപ്രേമികളും ഞാന്‍ പറയുന്ന ‘വിരമിക്കല്‍’ എന്ന വാക്കിനെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണം.
ടെന്നീസില്‍ നിന്ന് മാറി, പ്രധാനപ്പെട്ട മറ്റുചില കാര്യങ്ങളിലേക്ക് ഞാന്‍ പ്രവേശിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ‘സെറീന വെഞ്ചേഴ്സ്’ എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം ആരംഭിച്ചു. അധികം താമസിയാതെ ഒരു കുടുംബം ആരംഭിച്ചു. എനിക്ക് ആ കുടുംബം വലുതാക്കണം. മകളുടെ ആഗ്രഹം എന്റെ കൂടി ആഗ്രഹമാണ്.’ – വിരമിക്കല്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് വോഗ് മാഗസിന് കൊടുത്ത അഭിമുഖത്തില്‍ സെറീന പറഞ്ഞു.