കിം ജോങ് ഉന്‍ ഭരണാധികാരിയായി ഇരിക്കുന്ന ഉത്തര കൊറിയയില്‍ കൊടും പട്ടിണിയെന്ന് ബിബിസി റിപ്പോര്‍ട്ട്. നിരവധി പേര് പട്ടിണികിടന്ന് മരിക്കുന്നുവെന്നും ബിബിസിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ വടക്കന്‍ കൊറിയയില്‍ ജീവിക്കുന്ന സാധാരണക്കാരായ മൂന്ന് പേരുമായി മാസങ്ങളോളും ആശയ വിനിമയം നടത്തിയിരുന്നു. ഇവര്‍ പറഞ്ഞ കാര്യങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ആണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്.
കനത്ത നിയന്ത്രണങ്ങളുള്ള ഉത്തര കൊറിയയില്‍ രാജ്യത്ത് നടക്കുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്ത് വരാറില്ല. കൊവിഡിന്റെ പേരില്‍ 2020ല്‍ രാജ്യാതിര്‍ത്തി അടച്ച രാജ്യത്ത് അവശ്യ സാധനങ്ങളുടെ ലഭ്യത പോലുമില്ലെന്ന് പറയുന്നു. 1990കള്‍ക്ക് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയെന്നും റിപ്പോര്‍ട്ട്.
വീട്ടില്‍ പട്ടിണി കിടന്ന് മരിച്ച മൂന്നംഗ കുടുംബത്തെ അറിയാമെന്ന് സ്ത്രീ പറയുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആ വീട്ടിലുള്ളവര്‍ക്ക് വെള്ളം നല്‍കാനായി വാതിലില്‍ മുട്ടിയപ്പോള്‍ ആരും തുറന്നില്ല. അധികാരികള്‍ വന്ന് നോക്കിയപ്പോള്‍ മൂവരും മരിച്ച് കിടക്കുന്നതാണ് കണ്ടത്,’ സ്ത്രീ പറഞ്ഞു.
ചൈനീസ് അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഒരു കെട്ടിട തൊഴിലാളി പറയുന്നത്, ഭക്ഷണവിതരണം ഗ്രാമത്തില്‍ നിലച്ചുവെന്നും ഇതിനോടകം അഞ്ച് പേര് പട്ടിണികൊണ്ട് ഗ്രാമത്തില്‍ മരിച്ചുവെന്നുമാണ്. ആദ്യമൊക്കെ കൊവിഡ് വന്ന് മരിക്കുമോ എന്നായിരുന്നു പേടി, ഇപ്പോള്‍ പട്ടിണി കിടന്ന് മരിക്കുമോ എന്നാണ് പേടിയെന്നും തൊഴിലാളി പറയുന്നു. രാജ്യത്തിന്റെ അതിര്‍ത്തി കടക്കാനോ രക്ഷപ്പെടാനോ ശ്രമിക്കുന്നവരെ കൊലപ്പെടുത്തുന്ന സാഹചര്യം ഉണ്ടെന്ന് കെട്ടിട തൊഴിലാളി ബിബിസിയോട് പറഞ്ഞു.
സാധാരണ പ്രാദേശിക വിപണിയിലേക്ക് ചൈനയില്‍ നിന്നാണ് സാധനങ്ങള്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം കാലിയാണെന്നും കച്ചവടക്കാരനായ മറ്റൊരാള്‍ പറയുന്നു.
ജീവിക്കാന്‍ വകയില്ലാതെ ആത്മഹത്യ ചെയ്തവരും കൊറിയയില്‍ ഉണ്ടെന്നും വിവരങ്ങള്‍ നല്കിയവര് ബിബിസിയോട് പറഞ്ഞു.
കുട്ടികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ പാടുപെടുകയാണ്. ഒരിക്കല്‍ ഒന്നും കഴിക്കാതെ രണ്ട് ദിവസം കഴിക്കാതെ ഇരുന്നു. ഉറക്കത്തില്‍ മരിച്ചുപോകുമെന്നാണ് അന്ന് കരുതിയതെന്നും സ്ത്രീ പറഞ്ഞു.
അതേസമയം സാധാരണ മധ്യവര്‍ഗ കുടുംബങ്ങള്‍ പട്ടിണിയിലാവുന്നുവെന്ന വാര്‍ത്ത ആശങ്കപ്പെടുത്തുന്നതാണെന്ന് ഉത്തരകൊറിയയിലെ സാമ്പത്തിക വിദഗ്ധന്‍ പീറ്റര്‍ വാര്‍ഡ് പറഞ്ഞു. രാജ്യം മൊത്തത്തില്‍ തകര്‍ന്നുവെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഈ അവസ്ഥ നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര കൊറിയയില്‍ രാജ്യത്തേക്ക് വരാനും രാജ്യത്ത് നിന്ന് പുറത്തുകടക്കാനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വിദേശികളായി രാജ്യത്തുണ്ടായിരുന്നവരെല്ലാം ഉത്തര കൊറിയയില്‍ നിന്ന് പോന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ പറഞ്ഞ മൂന്ന് പേര് അവരുടെ ജീവന് പണയപ്പെടുത്തിയാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വിവരങ്ങള്‍ ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും ബിബിസി പറഞ്ഞു. എന്നാല്‍ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനതാത്പര്യത്തിനൊപ്പം നിന്നുവെന്നാണ് സര്‍ക്കാരിന്റെ മറുപടി. ലഭിച്ച വിവരങ്ങള്‍ എല്ലാം സത്യസന്തമല്ലെന്നും ഡിപിആര്‍കെ പാര്‍ട്ടിക്കെതിരായി നില്ക്കുന്നവരുടെ കെട്ടുകഥകളാവാമെന്നും സര്‍ക്കാര്‍ പറഞ്ഞു.