നഗ്നത കാണാനുള്ള കണ്ണടകൾ എന്ന പേരിൽ തട്ടിപ്പ് നടത്തിയ മലയാളികൾ ഉൾപ്പടെയുള്ള സംഘം ചെന്നൈയിൽ പിടിയിൽ ചെന്നൈ കോയമ്പേടുള്ള ലോഡ്ജിൽ വച്ചാണ് തട്ടിപ്പ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശി ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇർഷാദ്, ബംഗളുരു സ്വദേശി സൂര്യ എന്നിവരടങ്ങിയ നാലംഗ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പണം തട്ടിയെന്ന പരാതിയെത്തുടർന്നുണ്ടായ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിലേക്ക് കോയമ്പത്തൂർ പോലീസ് എത്തുന്നത്. തോക്ക് ചൂണ്ടി ആറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന ചെന്നൈ സ്വദേശിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോയമ്പേടുള്ള ലോഡ്ജിൽ എത്തിയ പോലീസ് ഇവരുടെ പക്കൽ നിന്നും തോക്ക്, കൈവിലങ്, നാണയങ്ങൾ,കണ്ണടകൾ തുടങ്ങി നിരവധി സാധനങ്ങൾ പിടിച്ചെടുത്തു.തുടർന്നുള്ള അന്വേഷണത്തിലാണ് വിചിത്രമായ തട്ടിപ്പ് വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
നഗ്നത കാണാൻ കഴിയുന്ന എക്സ് റേ കണ്ണടകൾ വിൽപ്പനയ്ക്ക് വച്ചാണ് ഇവർ പണം തട്ടിയെടുക്കുന്നത്.
തട്ടിപ്പ് നടത്തുന്ന രീതി ഇങ്ങനെ:
നഗ്നത കാണാൻ കഴിയുന്ന എക്സ് റേ കണ്ണടകൾ വിൽപ്പനയ്ക്ക്, ഒരു കോടി രൂപ വിലയുള്ള കണ്ണട അഞ്ചോ പത്തോ ലക്ഷം രൂപ നൽകിയാൽ ലഭിക്കും എന്നുള്ള പരസ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും. പരസ്യം കണ്ട് കണ്ണട അന്വേഷിച്ച് വിളിക്കുന്ന ആളുകളെ തങ്ങൾ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പരീക്ഷിക്കാനായി ഒരു കണ്ണട നൽകും.
കണ്ണട ധരിച്ചിട്ടും മാറ്റമൊന്നും അനുഭവപ്പെടുന്നില്ല എന്ന് പറയുമ്പോൾ പരിശോധിക്കാനായി കണ്ണട തിരിച്ചു വാങ്ങി നിലത്തിട്ട് പൊട്ടിക്കും. നിങ്ങൾ കാരണമാണ് കണ്ണടപൊട്ടിയത് അത് കൊണ്ട് കണ്ണടയുടെ മുഴുവൻ തുകയും തരണമെന്ന് ആവശ്യപ്പെടും. അല്ലാത്ത പക്ഷം പോലിസിസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.
തുടർന്ന് ഇവരുടെ കൂട്ടത്തിലെ തന്നെ 2 പേർ പോലീസ് വേഷത്തിൽ തോക്കും വിലങ്ങുമായി വരും. പണം നൽകി നഗ്നത കാണാൻ ഇറങ്ങിയ ഇവരെ പോലീസ് പരിഹസിക്കുകയും അറസ്റ്റ് ചെയ്യാനൊരുങ്ങുകയും ചെയ്യും,. പോലീസ് തട്ടിപ്പ് സംഘത്തിന്റെ കൂടെയാണെന്ന് കരുതി ആളുകൾ പണം നൽകി തടിയൂരും. മാനഹാനി ഭയന്ന് ആളുകൾ തട്ടിപ് വിവരം പുറത്ത് പറയാറുമില്ല. ഇത്തരത്തിൽ നിരവധി ആളുകളെയാണ് ഈ സംഘം കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
ഒരു തട്ടിപ്പ് ശ്രമത്തിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നതും.