ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാ മത്സ്യതൊഴിലാളികളും നഷ്ടപരിഹാരത്തിന് അർഹരെന്ന് സുപ്രീംകോടതി. ബോട്ടിലുണ്ടായിരുന്ന 9 പേർക്ക് 5 ലക്ഷം രൂപ വീതം നൽകാൻ ജസ്റ്റിസ് എം ആർ ഷാ, എംഎം സുന്ദരേശ് എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ബോട്ട് ഉടമയ്ക്ക് നൽകുന്ന നഷ്ടപരിഹാര തുകയായ രണ്ട് കോടിയിൽ നിന്ന് ഈ തുക നൽകാനാണ് കോടതി നിർദ്ദേശം. ബാക്കിയുള്ള 1.45 കോടി രൂപ ഉടമയ്ക്ക് കൈമാറണം. ഒമ്പത് പേരിൽ പ്രായപൂർത്തിയാകാത്ത വ്യക്തിയും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു. ഇതിനാൽ ഇവരുടെ കുടുംബത്തിന് തുക കൈമാറണമെന്നും കോടതി നിർദ്ദേശം നൽകി.
2012 ഫെബ്രുവരി 15ന് ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിൽ 2 മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണിന്, മസിമിലാനോ ലത്തോര്‍ എന്നിവരാണ് പ്രതികള്‍. നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇറ്റാലിയൻ സർക്കാർ കേസ് ഒത്തുതീര്‍പ്പാക്കാൻ തയ്യാറായത്.