തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദ ഹിന്ദുവിന് നൽകിയ അഭിമുഖം വിവാദമായതോടെ, മലപ്പുറത്തെ ഹവാല പണമിടപാടും സ്വർണ്ണക്കടത്തും കൂടുതലാണെന്ന് പറഞ്ഞിട്ടില്ലെന്നും അത് പത്രത്തിന് പറ്റിയ തെറ്റാണെന്നും കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ദ ഹിന്ദു പത്രാധിപർക്ക് കത്ത് നൽകിയിരുന്നു.
അതിന് പിന്നാലെ ഹിന്ദു ഇറക്കിയ പത്രക്കുറിപ്പിൽ മുഖ്യമന്ത്രിക്കുവേണ്ടി പി.ആർ. ഏജൻസി സമീപിച്ചെന്നും അവർ നൽകിയ കുറിപ്പിലെ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റായപരാമർശമായി ചൂണ്ടിക്കാട്ടിയതെന്നും പറയുന്നു.എന്നാൽ മുഖ്യമന്ത്രിക്ക് ഒരു PR ഏജൻസിയുടെ ആവശ്യമില്ലെന്നും തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തി.
കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ പി ആർ ഏജൻസിയുടെ നിർദേശ പ്രകാരമാണെന്ന ആരോപണം യുഡിഎഫ് ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി അത് നിഷേധിച്ചിരുന്നു.