സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ശാസ്ത്രവും വിശ്വാസവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരിഹാസവുമായി നടന് സലിം കുമാര്‍. മാറ്റങ്ങള്‍ വരേണ്ടത് ഭരണസിരാ കേന്ദ്രങ്ങളില്‍ നിന്ന് തന്നെയാണെന്നും അതിനാല്‍ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ഡാരത്തില് നിന്ന് കിട്ടുന്ന പണത്തെ മിത്തുമണി എന്ന് വിളിക്കാമെന്നുമാണ് സലിം കുമാറിന്റെ പ്രതികരണം.
ഫേസ്ബുക്കിലൂടെയായിരുന്നു സലിം കുമാറിന്റെ പ്രതികരണം. ‘മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്ക്കുമ്പോള്
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ഡാരത്തില് നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്…,’ സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിവാദങ്ങളില്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞിരുന്നു. തിരുത്തുകയോ മാപ്പ് പറയുകയോ ഇല്ലെന്നാണ് എം വി ഗോവിന്ദന് പറഞ്ഞത്.
ശാസ്ത്രാവബോധം വളര്‍ത്തുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും അതെങ്ങനെ മതവിരുദ്ധമാകുമെന്നും എ എന്‍ ഷംസീറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്പീക്കര്‍ മാപ്പ് പറയണമെന്ന് എന്‍എസ് എസ് പറഞ്ഞിരുന്നു. ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബിഡജെപിയും അറിയിച്ചിരുന്നു.
മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറരുതെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. സ്പീക്കര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.