ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിൽ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിച്ചതിനെതിരായുള്ള ഹർജികളിൽ ഗുജറാത്ത് സർക്കാരിന് സുപ്രീംകോടതി നോട്ടീസ്. പ്രതികളെ വിട്ടയച്ചതിൽ കാര്യമായ ആലോചന ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രതികളെ ജയിലിൽ മോചിതരാക്കിയതിൽ ചട്ടലംഘനം ഉണ്ടായെന്നല്ല പറയുന്നതെന്നും ക്രൂരകൃത്യം ചെയതവരെയാണ് മോചിപ്പിച്ചതെന്നതാണ് പരിശോധിക്കേണ്ടതെന്നും കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി. ജയിൽ മോചിതരായ 11 പ്രതികളെക്കൂടി കേസിൽ കക്ഷി ചേർക്കാൻ കോടതി നിർദ്ദേശിച്ചു.
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗം കൊലപാതകം എന്നീ കേസുകളിൽ ശിക്ഷിക്കപ്പെട്ട 11 പേരെയാണ് കഴിഞ്ഞയാഴ്ച ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസുകളിലാണ് പ്രതികൾ ശിക്ഷ അനുഭവിച്ചുവന്നത്. മുംബൈയിലെ സിബിഐ കോടതിയാണ് 11 പ്രതികൾക്കും 2008ൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 15 വർഷം പൂർത്തിയായെന്നും അതിനാൽ ജയിലിൽ നിന്ന് വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ തീരുമാനമെടുക്കാൻ ഗുജറാത്ത് സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം ലഭിച്ചതോടെയാണ് ഇവരെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചത്.