നിർണായകമായ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ സജ്ഞു സാംസണെ ഒഴിവാക്കിയതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി. സഞ്ജു സാംസണ്, കരുണ് നായർ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഇടം കിട്ടാതിരുന്നതിനെ ചൊല്ലി വലിയ ചർച്ചകളും വിമർശനങ്ങളുമാണ് ഉയരുന്നത്. ഹർഭജൻ സിംഗും മുഹമ്മദ് കൈഫും അടക്കമുള്ള സീനിയർ താരങ്ങൾ ടീം സെലക്ഷനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. സഞ്ജുവിൻ്റെ കരിയർ കെ.സി.എ (കേരള ക്രിക്കറ്റ് അസോസിയേഷൻ) നശിപ്പിക്കുകയാണ് എന്ന വിമർശനവുമായി ശശി തരൂർ എംപിയും രംഗത്ത് എത്തിയിട്ടുണ്ട്.
വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരുന്നതാണ് സഞ്ജുവിന് ടീമിൽ ഇടം കിട്ടാതിരിക്കാൻ കാരണമായതെന്ന വിലയിരുത്തിലുണ്ടെങ്കിലും ഇതേ വിജയ് ഹസാരെ ടൂർണ്മെൻ്റിൽ മിന്നും പ്രകടനം കാഴ്ചവച്ച കരുണ് നായർക്ക് അവസരം നിഷേധിച്ചതിൻ്റെ കാരണമെന്താണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. സമീപകാലത്ത് ഫോമിൽ അല്ലാത്ത സീനിയർ താരം രവീന്ദ്ര ജഡേജയെ ചാംപ്യൻട്രോഫി സ്ക്വാഡിൽ ഉൾപ്പെടുത്തിയതിലും മുഹമ്മദ് സിറാജിനെ പരിഗണിക്കാതിരുന്നതും ചർച്ചയായി.
അതേസമയം ജസ്പ്രീത് ബുംമ്രയുടെ പരിക്കിൻ്റെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല എന്നാണ് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ രോഹിത് ശർമ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സെലക്ടർമാർ അർഷദീപിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഇടംകൈ ബൌളർ എന്നതും സമീപകാലത്തെ ഫോമും അദ്ദേഹത്തിന് ടീമിൽ ഇടം ഉറപ്പാക്കി. ജസ്പ്രീത് ബുംമ്രയ്ക്ക് ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കാതെ വന്നാൽ അദ്ദേഹത്തിന് പകരം സിറാജ് ടീമിലേക്ക് എത്താനും സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.
വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായുള്ള കേരള ക്രിക്കറ്റ് ക്യാംപിൽ പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് സജ്ഞുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകുന്ന വിശദീകരണം. എന്നാൽ വ്യക്തിപരമായ ചില കാരണങ്ങളാൽ ക്യാംപിൽ പങ്കെടുക്കാനാവില്ലെന്നും എന്നാൽ വിജയ് ഹസാരെ ടൂർണമെൻ്റിൽ കളിക്കാൻ തയ്യാറാണെന്നും കാണിച്ച് സഞ്ജു നേരത്തെ തന്നെ കെ.സി.എയ്ക്ക് മെയിൽ അയച്ചിരുന്നുവന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
സഞ്ജു വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരുന്ന സാഹചര്യം ബിസിസിഐ പരിശോധിക്കുന്നു എന്ന റിപ്പോർട്ടും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഏകദിനത്തിലും ടി 20 യിലും മോശം റെക്കോർഡുള്ള പന്തിനെ സഞ്ജുവിനെ പകരം ഏടുത്ത തീരുമാനം എന്താണെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. സഞ്ജുവിന് പകരം എന്തു കൊണ്ട് ധ്രുവ് ജുറുൾ പരിഗണിക്കപ്പെട്ടില്ല എന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പരയാണ് അടുത്ത ആഴ്ച ആരംഭിക്കുകയാണ്. ഇതിനു ശേഷമാവും ഇന്ത്യ ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കാനായി ദുബായിലേക്ക് പോകുക. ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ഇടം കിട്ടിയ താരങ്ങൾ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മോശ പ്രകടനം നടത്തിയാലും ടീമിന് ഇടം കിട്ടാതിരുന്ന താരങ്ങൾ മികച്ച രീതിയിൽ കളിച്ചാലും ക്യാപ്റ്റൻ രോഹിത് ശർമയും അജിത്ത് അഗാക്കർ അടക്കമുള്ള സെലക്ടർമാരും കോച്ച് ഗൌതം ഗൌഭീറും കടുത്ത വിമർശനം നേരിടേണ്ടി വരും.
ശശി തരൂരിൻ്റെ ട്വീറ്റ്
കേരള ക്രിക്കറ്റ് അസോസിയേഷന്റെയും സഞ്ജു സാംസണിന്റെയും ദുഃഖകരമായ കഥ – സയ്യീദ് മുഷ്താഖ്, വിജയ് ഹസാരെ ട്രോഫി ടൂർണമെന്റുകൾക്ക് ഇടയിലുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് കെസിഎയ്ക്ക് മുൻകൂട്ടി സജ്ഞു കത്ത് എഴുതിയിരുന്നു. എന്നാൽ അദ്ദേഹത്തെ കേരള ടീമിൽ ഉൾപ്പെടുത്തിയില്ല – ഇപ്പോൾ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഹസാരെയിൽ ഏറ്റവും ഉയർന്ന സ്കോർ 212* ഉള്ള ഒരു ബാറ്റ്സ്മാനാണ് സഞ്ജു. ഏകദിനങ്ങളിൽ 56.66 ശരാശരിയാണ് സഞ്ജുവിനുള്ളത്. (ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തിലെ സെഞ്ച്വറി ഉൾപ്പെടെ) . ക്രിക്കറ്റിനെ ഭരിക്കുന്നവരുടെ അഹങ്കാരം കൊണ്ട് സഞ്ജുവിൻ്റെ കരിയർ നശിക്കുകയാണ്. സഞ്ജുവിനെ ഒഴിവാക്കിയതിലൂടെ കേരളം വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ പോലും എത്തിയില്ലെന്ന് കെസിഎ മേധാവികൾ ഉറപ്പുവരുത്തി? ഇത് അദ്ദേഹത്തിൻ്റെ കരിയർ എവിടെ എത്തിക്കും?