കര്‍ണാടക നിയമസഭയില്‍ വിഡി സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് കര്‍ണാടക സര്‍ക്കാര്‍. നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവി മന്ദിരത്തിലാണ് ചിത്രം സ്ഥാപിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ചിത്രം അനാച്ഛാദനം ചെയ്തത്. ഇതിനെതിരെ നിയമസഭയ്ക്ക് പുറത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
നിയമസഭയ്ക്കുള്ളില്‍ സവർക്കറുടെ ചിത്രത്തിന്റെ ആവശ്യകത ചോദ്യം ചെയ്തായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ദാരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചത്. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപിയുടെ നീക്കമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം സവര്‍ക്കറെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കാന്‍ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. അടുത്ത വര്‍ഷമാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ചിത്രം സ്ഥാപിച്ചതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമുണ്ടെന്നും ആരോപണമുണ്ട്.