പ്രണയദിനാഘോഷം നിരോധിക്കപ്പെട്ടിരുന്ന ഒരു രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഇന്നലെ പ്രണയദിനത്തിൽ പുറത്തിറങ്ങിയത് റോസാാപ്പൂ ചുവപ്പിലാണ്. വാലൻ്റൈൻ സ്പെഷ്യൽ പതിപ്പുമായി വന്ന സൗദി അറേബ്യൻ ദിനപത്രമായ അറബ് ന്യൂസിൻ്റെ ഒന്നാം പേജ് കണ്ടവരൊക്കെ ഞെട്ടി. പ്രണയചുവപ്പിൽ വലിയ ഒരു ഹൃദയം. പുഷ്പങ്ങൾ കൈമാറുന്ന അറബ് തനത് വേഷം ധരിച്ച പ്രണയികളുടെ വരയും. ‘രാജ്യം പ്രണയം ആഘോഷിക്കുന്നു’ എന്ന് തലക്കെട്ടും. നാല് വർഷം മുമ്പു വരെ സൗദി അറേബ്യയിൽ ഇത്തരമൊരു കാര്യം അചിന്തനീയമായിരുന്നു.
ഫെബ്രുവരി 14നും അതിന് മുമ്പും ശേഷവുമുള്ള ദിനങ്ങളിൽ വരെ ചുവന്ന റോസാപുഷ്പങ്ങൾ വരെ വിലക്കിയിരുന്ന രാജ്യം. രാജ്യത്തെ ഫ്ലവർഷോപ്പുകളിൽ ആ ദിനങ്ങളിൽ ചുവന്ന റോസാപ്പൂക്കൾ വിൽപ്പനയ്ക്ക് വരില്ല. ആരും അത് ചൂടുകയോ കൊണ്ടുനടക്കുകയോ ചെയ്യില്ല. റോസാപ്പൂവ് മാത്രമല്ല ചുവന്ന നിറത്തിലും ഹൃദയാകൃതിയിലുമുള്ള ഒരു വസ്തുവും കടകളിൽ വിൽക്കാനോ പ്രദർശിപ്പിക്കാനോ പാടില്ലെന്നായിരുന്നു. ‘സദാചാരം സംരക്ഷിക്കാനും ദുരാചാരം തടയാനുമുള്ള’ മതകാര്യ സമിതി കർശനമായി നിരീക്ഷിക്കുകയും സദാചാരം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുക പതിവായിരുന്നു. ഇന്നാ കാലം മറവിയിൽ മറഞ്ഞു.
Follow our special coverage of #ValentinesDay2023 in #SaudiArabia and how Saudis are celebrating love in the Kingdom: https://t.co/BEHKPTSXyj#ValentinesDay #Valentine pic.twitter.com/XyjeSwNXCW
— Arab News (@arabnews) February 14, 2023
2019 മുതൽ സൗദി അറേബ്യ പ്രണയദിനം ആഘോഷിക്കുന്നുണ്ട്. ഇത്തവണ ആഘോഷത്തിന് പൊലിമയേറാനൊരു കാരണമുണ്ട്. പ്രണയദിനാഘോഷത്തിന് രാജ്യത്ത് അനുമതിയുണ്ടായി പിറ്റേ വർഷം കോവിഡ് വന്നു, അതിനു ശേഷമുള്ള ഒരു വർഷവും ആ ആഘാതത്തിലായിരുന്നു. കഴിഞ്ഞവർഷമാണ് സൗദിയൊന്ന് കരകയറിയത്. ഇപ്പോൾ പൂർവസ്ഥിതിയിലേക്കും മാറി. ദിവസങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്തെ പൂക്കടകളും റസ്റ്റോറൻ്റുകളും ഈ അവസരത്തെ വിനിയോഗിച്ച് മനോഹരമായ പൂച്ചെണ്ടുകളും അനുയോജ്യമായ ഭക്ഷണമെനുകളും ഒരുക്കി ദമ്പതികളെയും അവിവാഹിതരെയും ഒരുപോലെ ആകർഷിക്കാൻ തയാറെടുത്തുകഴിഞ്ഞിരുന്നു.
പത്രത്തിൽ നൂറ്റാണ്ടുകൾക്കപ്പുറം വേരുകളുള്ള കാലത്തിനും തലമുറകൾക്കും അതീതമായ പ്രണയകാവ്യങ്ങളാൽ സമൃദ്ധമാണ് അറേബ്യൻ ഭൂമികയെന്ന് ‘അറബ് ലോകത്തെ ഇതിഹാസ പ്രണയകഥകൾ’ എന്ന ഫീച്ചറിൽ പറയുന്നു. തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് അല്ലെങ്കിൽ പ്രിയപ്പെട്ടവന് സമർപ്പിക്കാനുള്ള പ്രണയദിന സമ്മാനങ്ങളാണ് ഇനിയൊരു ഫീച്ചറിൽ. ഇണക്കിളികൾക്ക് സല്ലപിക്കാനും ഭക്ഷണം കഴിക്കാനും നല്ല സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നു മറ്റൊന്നിൽ.
സൗദി ക്ലബ്ബായ അൽനസ്റിൽ ചേർന്ന ലോക സൂപ്പർ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി ജോർജിന റോഡ്രിഗ്സിൻ്റെ സൗദിയിലെ ആദ്യ പ്രണയദിനാഘോഷത്തെ കുറിച്ചാണ് മൂന്നാം താളിലെ ഫീച്ചർ. അങ്ങനെ ആകെമൊത്തം പ്രണയമയം.