സൗദി അറേബ്യയിൽ ആഗോള വിതരണശൃംഖലകൾ സ്ഥാപിക്കുന്നതിനായുള്ള ദേശീയ സംരംഭം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക വികസനകാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് പ്രഖ്യാപനം നടത്തിയത്. വിതരണശൃംഖലയിലെ ഒരു പ്രധാന കേന്ദ്രമായും സുപ്രധാന കണ്ണിയായും രാജ്യത്തിന്റെ സ്ഥാനം നിലനിർത്തുകയാണ് ലക്ഷ്യം. 2021 ഒക്ടോബറിൽ ആരംഭിച്ച ദേശീയ നിക്ഷേപ നയത്തിന്റെ സംരംഭങ്ങളിലൊന്നാണിത്.
സംയുക്ത വിജയങ്ങൾ കൈവരിക്കാനുള്ള മികച്ച അവസരമായിരിക്കും ഈ സംരംഭമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. മുൻപ് ആരംഭിച്ച സംരംഭങ്ങളും വിജയിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എല്ലാ മേഖലകളിലും നിക്ഷേപകരെ ശാക്തീകരിക്കും. വിഷൻ 2030 ന്റെ അഭിലാഷങ്ങൾ കൈവരിക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദേശീയ സമ്പദ് വ്യവസ്ഥയുടെ സ്രോതസ്സുകൾ വികസിപ്പിക്കുന്നതും വൈവിധ്യവൽക്കരിക്കും. ഇത് 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ 15 സമ്പദ്വ്യവസ്ഥകളിലൊന്നായി സൗദിയുടെ സാമ്പത്തികനിലയെ മെച്ചപ്പെടുത്തുമെന്ന് വിലയിരുത്തുന്നു. ഇതിലൂടെ വിതരണശൃംഖലയിലെ നിക്ഷേപകർക്ക് അനുയോജ്യമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതേസമയം രാജ്യത്തേക്ക് അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനത്തെ സ്വാധീനിക്കാനും കഴിയും.