വാണിജ്യ ആവശ്യങ്ങൾക്കായുള്ള പ്രമോഷനുകളിൽ ദേശീയ പതാകയും ചിഹ്നവും ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ. പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ പ്രമോഷനുകളിൽ സൗദി അറേബ്യൻ പതാക ഉപയോഗിക്കാൻ പാടില്ലെന്ന് വാണിജ്യ മന്ത്രാലയം വിലക്കി.
അല്ലാഹുവിന്റെ നാമവും രണ്ട് വാളും ഈന്തപ്പനയുടെ ചിഹ്നവും അടങ്ങിയതാണ് സൗദി പതാക. ഇതുകൂടാതെ സൗദി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ചിത്രങ്ങളും പേരുകളും നിരോധനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും മാർക്കറ്റുകളിൽ പരിശോധന നടക്കുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സൗദിയുടെ 92ാം ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് പുതിയ തീരുമാനം. വെള്ളിയാഴ്ചയാണ് സൗദിയുടെ ദേശീയ ദിനം.