നിപ വൈറസ് വ്യാജമായി സൃഷ്ടിച്ചെടുത്തതാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. കൊയിലാണ്ടി പെരുവെട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്.
നിപ വന്‍കിട ഫാര്‍മസി കമ്പനികളുടെ വ്യാജസൃഷ്ടിയാണെന്നായിരുന്നു യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് വൈകാതെ പുറത്ത് വിടും. ചെറുവണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് നിപ സ്ഥിരീകരിച്ചത്.
വവ്വാലുകളെ പ്രകോപിപ്പിക്കരുതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പടക്കം പൊട്ടിച്ചും തീ കത്തിച്ചും അവയെ ഓടിക്കാന്‍ ശ്രമിക്കരുത്. അങ്ങനെ വരുമ്പോള്‍ അവ കൂടുതല്‍ വൈറസുകളെ പുറംതള്ളുമെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ ഹൈറിസ്ക് കോണ്ടാക്ടിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കും പരമാവധി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും ഇനി മുതല്‍ ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ഇന്ന് നിപ സ്ഥിരീകരിച്ചത് ചെറുവണ്ണൂര്‍-കോഴിക്കോട് കോര്പ്പറേഷന് പരിധിയിലെ 39 വയസ്സുള്ളയാള്‍ക്കാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുള്ള ആരോഗ്യപ്രവര്ത്തകന് കാര്യമായ ലക്ഷണങ്ങളില്ല. കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാല്‍ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.