സൗദിയില്‍ മാനദണ്ഡങ്ങൾ പാലിച്ച് പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടാൻ സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അനുമതി നൽകി. അഞ്ച് മാസത്തെ വേട്ടയാടൽ സീസൺ സെപ്തംബർ 1 മുതൽ തുടങ്ങും. ജനുവരി അവസാനം വരെ മുന്‍കൂര്‍ അനുമതിയുളള പ്രദേശങ്ങളിൽ വേട്ട നടത്താം.
പ്രകൃതിവിഭവങ്ങളുടെ ഉപയോഗവും ജൈവവൈവിധ്യങ്ങളുടെ സംരക്ഷണവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും ലക്ഷ്യമിട്ടാണ് വേട്ടക്ക് അനുമതി നല്‍കുക. ശരത്കാലത്ത് 25 ഇനങ്ങൾക്കും ശൈത്യകാലത്ത് നാല് ഇനങ്ങൾക്കും മാത്രമേ അനുമതി ലഭിക്കൂ. ഫിട്രി പ്ലാറ്റ്ഫോം വഴി വേട്ടയ്ക്കുള്ള ലൈസൻസുൾ സ്വന്തമാക്കാം.
നഗരങ്ങൾ, ഗ്രാമങ്ങൾ, കൃഷിയിടങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ അതിരുകൾക്കുള്ളിലും സൈനിക, വ്യാവസായിക മേഖലകളിലും വേട്ടയാടാന്‍ അനുമതിയില്ല. അതുപോലെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ, പക്ഷികൾ, ഇരപിടിയൻ പക്ഷികൾ എന്നിവയെ വേട്ടയാടുന്നതും നിരോധിച്ചിട്ടുണ്ട്. ഷോട്ട് ഗൺ, മീൻപിടിത്ത വല, വാതകങ്ങൾ, കെണികൾ തുടങ്ങി അംഗീകൃത മാര്‍ഗങ്ങളിലൂടെയാണ് പക്ഷികളേയും മൃഗങ്ങളേയും വേട്ടയാടാനാവുക. ഈ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.