റിയാദ്: രാജ്യത്തെ ആദ്യത്തെ മദ്യശാല തുറക്കാനൊരുങ്ങി സൌദ്ദി അറേബ്യ. തലസ്ഥാനമായ റിയാദിലാണ് നയതന്ത്ര ഉദ്യോഗസ്ഥർക്കായുള്ള മദ്യവിൽപന കേന്ദ്രം തുറക്കാൻ പോകുന്നത്. അമുസ്ലീം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും ഇവിടെ നിന്നും മദ്യപിക്കാൻ അനുമതിയെന്നാണ് വിവരം. സൌദ്ദി അറേബ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മദ്യം ലഭിക്കാൻ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യണം. തുടർന്ന് വിദേശകാര്യമന്ത്രാലയം അപേക്ഷകർക്ക് അനുമതി നൽകും. പ്രതിമാസം വാങ്ങി സൂക്ഷിക്കാവുന്ന മദ്യത്തിനും കണക്കുണ്ടാവും. റിയാദിലെ വിവിധ എംബസികളിൽ ജോലി ചെയ്യുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും മദ്യം വാങ്ങാനും സൂക്ഷിക്കാനും അനുമതിയുണ്ടാവുക. മുസ്ലീം നയതന്ത്ര ഉദ്യോഗസ്ഥർക്ക് മദ്യം ലഭിക്കില്ല.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിഷ്കാര നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇസ്ലാമിക നിയമങ്ങൾ കർശനമായി പാലിക്കുന്ന സൌദ്ദി അറേബ്യയിൽ കർശന മദ്യനിരോധനം നിലവിലുണ്ട്. ക്രൂഡോയിൽ അധിഷ്ഠിതമായ സൌദ്ദിയുടെ സാമ്പത്തിക വ്യവസ്ഥയെ പരിഷ്കരിക്കാനും വിനോദസഞ്ചാരമേഖലയെ വളർത്താനും കൂടുതൽ നിക്ഷേപം സൌദ്ദിയിൽ എത്തിക്കാനും ലക്ഷ്യമിട്ട് നിരവധി പരിഷ്കാര പദ്ധതികളാണ് വിഷൻ 2030യുടെ ഭാഗമായി സൌദ്ദിയിൽ നടപ്പാക്കുന്നത്.