2027ൽ സൗദിയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഭാഗമായി മൂന്ന് പുതിയ സ്റ്റേഡിയങ്ങൾ സൗദി അറേബ്യ നിർമിക്കാനൊരുങ്ങുന്നു. റിയാദ്, ഖിദ്ദിയ, ദമ്മാം എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുക. കൂടാതെ നാല് സ്റ്റേഡിയങ്ങൾ നവീകരിക്കുകയും ചെയ്യുമെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ ( എസ്. എ. എഫ്. എസ്) അറിയിച്ചു.
2027ലെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (എ.എഫ്.സി) ഏഷ്യൻ കപ്പ് നടത്താനുള്ള കരാർ സൗദി അറേബ്യ അടുത്തിടെയാണ് നേടിയത്. മനാമയിൽ നടന്ന കോൺഫെഡറേഷൻ ജനറൽ കോൺഗ്രസിന്റെ 33ാമത് സെഷനാണ് ടൂർണമെന്റ് സംബന്ധിച്ച ഔദ്യോഗിക തീരുമാനങ്ങൾ എടുത്തത്.
അതേസമയം മെട്രോ ട്രെയിനിൽ എളുപ്പത്തിൽ എത്തിച്ചേരാനാവുന്ന വിധമായിരിക്കും റിയാദിലെ സ്റ്റേഡിയം നിർമിക്കുക. മികച്ച രൂപകൽപനയിലുള്ളതും രസകരമായ അനുഭവം പ്രദാനം ചെയ്യുന്നതുമാണ് പുതിയ സ്റ്റേഡിയം. വലിയ വിഭാഗം ജനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാവുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദമ്മാം സ്റ്റേഡിയമായിരിക്കും രണ്ടാമത്തേതായി നിർമിക്കുക. പരിസ്ഥിതിക്കും ആരാധകരുടെ അനുഭവത്തിനും അനുയോജ്യമായ രീതിയിൽ ആധുനിക സവിശേഷതകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ സ്റ്റേഡിയം.
റിയാദിലെ ഖിദ്ദിയ സ്റ്റേഡിയം 2027ൽ ഏഷ്യക്ക് നൽകുന്ന വലിയ സംഭാവനകളിൽ ഒന്നായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം നവീകരിക്കുന്ന സ്റ്റേഡിയങ്ങളിൽ ട്രാക്ക് നീക്കം ചെയ്യുക, സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക, പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയും ഉൾപ്പെടും. കൂടാതെ റിയാദിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന അമീർ ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയം ഇപ്പോഴുള്ള മെട്രോ സ്റ്റേഷന്റെ അടുത്താണ്.
അതേസമയം ഖോബാറിലെ അമീർ സഊദ് ബിൻ ജലാവി സിറ്റി സ്റ്റേഡിയത്തിൽ ഉൾക്കൊള്ളൽ ശേഷി ഉയർത്തുന്നത് പോലുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തും. കൂടാതെ ദമ്മാമിലെ അമീർ മുഹമ്മദ് ബിൻ ഫഹദ് സ്റ്റേഡിയത്തിൽ ഇരിപ്പിടശേഷി വർധിപ്പിക്കുകയും ട്രാക്ക് നീക്കം ചെയ്യുക തുടങ്ങിയ നവീകരണ പ്രവർത്തനങ്ങളും ഉടൻ തുടങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്ന് നഗരങ്ങളിലുള്ള ഏഴ് സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് നടക്കുക.