റമദാനില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള വിപുലമായ പദ്ധതിയുമായി സൗദി അറേബ്യ. ഫ്രം അറൈവല്‍ റ്റു ആക്സസ് എന്ന പേരിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിൽ വിശ്വാസികള്‍ എത്തുന്നത് മുതല്‍ ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെയുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിശുദ്ധ കഅബയെ പ്രദക്ഷിണം ചെയ്യുന്ന ത്വവാഫ്, സഫ, മര്‍വ എന്നീ രണ്ട് കുന്നുകള്‍ക്കിടയിലെ ദ്രുത നടത്തം, മക്കയിലെയും മദീനയിലെയും പള്ളികളിലെ പ്രാര്‍ത്ഥന, ഇഅ്തികാഫ് തുടങ്ങിയവയ്ക്കാണ് സഹായം ലഭിക്കുക. മണിക്കൂറില്‍ 1.07 ലക്ഷം തീര്‍ഥാടകര്‍ക്ക് ത്വവാഫ് ചെയ്യാനാകുമെന്ന രീതിയിലാണ് ക്രമീകരണങ്ങൾ. 12000 ജീവനക്കാരും രണ്ട് ലക്ഷം വളണ്ടിയര്‍മാരും ഇതിനായി രംഗത്തുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇൻ്റലിജന്‍സിൻ്റെ പരമാവധി ഉപയോഗം, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം, വോളൻ്റിയർ സേവനം എന്നിവ വഴി സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതും റമദാന് ആക്ഷന്‍ പ്ലാനിൻ്റെ ഭാഗമാണ്. മാര്‍ച്ച് അവസാനത്തോടെയാണ് റമദാന് ആരംഭിക്കുന്നത്. ഉംറയുടെ ഏറ്റവും ഉയര്‍ന്ന സീസണാണ് റമദാന്.