കോഴിക്കോട്: വയനാട് ദുരന്തത്തിന് പിന്നാലെ കേരളത്തിന് അടിയന്തരസഹായവുമായി തമിഴ്നാട് സർക്കാർ. പ്രളയദുരന്തം നേരിടാൻ കേരളത്തിന് അഞ്ച് കോടി സഹായം പ്രഖ്യാപിച്ചു.
കേരളം ഭീകരമായ പ്രളയസാഹചര്യത്തിലൂടെ കടന്നു പോകുകയാണ്. സാധന സാമാഗ്രഹികളോ, വാഹനങ്ങളോ, ആൾബലമോ സഹോദര സംസ്ഥാനമായ കേരളത്തിന് ആവശ്യമായതെന്തായാലും നൽകാൻ തമിഴ്നാട് തയ്യാറാണ് – തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രസ്താവനയിൽ അറിയിച്ചു.
മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ് സമീരൻ, ജോണി ടോം വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ വയനാട്ടിലെത്തും.
അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിലവിൽ വിവിധ ഡാമുകൾ തുറന്നതോടെ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. പെരിയാറിലും ചാലക്കുടി പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പലയിടത്തും പുഴയോരത്ത് നിന്നും ജനങ്ങളോട് ഒഴിഞ്ഞു പോകാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ടവറുകൾ തകരുകയും ചെയ്തതോടെ പലരേയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ്.