നടന് മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനുമെതിരെ വിദ്വേഷ പ്രചരണം നടത്തിയതില്‍ സനോജ് റഷീദ് മാപ്പ് പറഞ്ഞ് രംഗത്ത്. മദ്യലഹരിയില്‍ പറഞ്ഞു പോയതാണെന്നും മമ്മൂട്ടിയോടും കുടുംബത്തോടും മാപ്പു ചോദിക്കുന്നതായും ഇയാളുടേതായി പുറത്തുവന്ന വീഡിയോയില്‍ കാണാം. മാപ്പ് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്.
‘ഇന്നലെ മദ്യത്തിന്റെ ലഹരിയില്‍ പറഞ്ഞു പോയതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതു സമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. രണ്ട് ദിവസമായി ഞാന്‍ കിടന്നുറങ്ങിയിട്ട്,’ എന്നായിരുന്നു ഇയാളുടെ മാപ്പ് അപേക്ഷ.
2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നത് സംബന്ധിച്ച് ഒരു യൂട്യൂബ് ചാനല്‍ എടുത്ത പബ്ലിക് ഒപീനിയിന് വീഡിയോയിലാണ് മമ്മൂട്ടി മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇയാള്‍ പറഞ്ഞത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്നായി ഉയരുകയും ചെയ്തിരുന്നു. പിന്നാലെയാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള വീഡിയോ.
മോഹന്‍ ലാല്‍ ശക്തിപ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക എന്നായിരുന്നു ഇയാള്‍ വീഡിയോയിലൂടെ പറഞ്ഞത്
കേരളത്തില്‍ അനിവാര്യമായി വരേണ്ട മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക. അതാണ് ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ,’ എന്നാണ് ഇയാള്‍ പറയുന്നത്. മമ്മൂട്ടി അഹങ്കാരിയാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.