ഏക സിവില്‍ കോഡിനെതിരെ ബഹുജന മുന്നേറ്റത്തിന് മുന്‍കൈ എടുക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല. ഏക സിവില്‍ കോഡിനെതിരെ നിലപാട് എടുക്കുന്ന വിവിധ മതസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാവരെയും അണിനിരത്തി ബഹുജന മുന്നേറ്റം സാധ്യമാകുമോ എന്നതിനെക്കുറിച്ചാണ് സമസ്ത ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് നേരത്തെ നയം വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം നാസര്‍ഫൈസി കൂടത്തായിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്
മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, പലമതസ്ഥര്ക്കും യോജിക്കാന്‍ കഴിയില്ല. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം വിവാഹം, വിവാഹ മോചനം, അനന്തര അവകാശവിതരണം എന്നൊക്കെ പറയുന്നത് മതത്തിന്റെ ഭാഗമാണ്. മതത്തില്‍ അതിനായി പ്രത്യേക നിയമങ്ങളും അതില്‍ സ്വീകരിക്കപ്പെടേണ്ടതായ പ്രത്യേക നിബന്ധനകളുമൊക്കെയുണ്ട്. ഇത് അനുസരിച്ച് ചെയ്താലേ സാധൂകരിക്കപ്പെടുകയുള്ളു. അത് മറ്റൊരു പൊതു നിയമത്തിലേക്ക് കൊണ്ട് വരുമ്പോള്‍ മതത്തിന്റെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ടു പോവുകയാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റില്ല. മറ്റു മതസ്ഥര്‍ക്കും അവരുടേതായ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നാണ് മനസിലാക്കുന്നത്.
ബിജെപിയിലെ സഖ്യകക്ഷികളില്‍ തന്നെയുള്ള പലരും ഇതിനെതിരെ രംഗത്തെത്തി കഴിഞ്ഞു. പ്രത്യേകിച്ച് ആദിവാസിവിഭാഗങ്ങള്ക്കൊക്കെ അവരുടേതായ വിവാഹ നിയമങ്ങളും അനന്തരഅവകാശ നിയമങ്ങളുമുണ്ട്. അതിന് ഭേദഗതി വരുത്തുക എന്നത് മതത്തിനെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാന്‍ പറ്റില്ല. ഹിന്ദു മതം ആണെങ്കിലും അങ്ങനെ തന്നെ ആണ്. അവര്‍ക്ക് അവരുടേതായ നിയമങ്ങള്‍ ഉണ്ട്.
വിവാഹം, വിവാഹ മോചനം എന്നൊക്കെ പറയുന്നത് മതത്തിന്റെ ഒരു ഭാഗമാണ് എന്നതിനാല്‍ തന്നെ മുസ്ലീം വിഭാഗത്തിന് ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഏക സിവില്‍ കോഡിനോട് യോജിക്കാത്ത രാഷ്ട്രീയ കക്ഷികളെ, പൊതുജനങ്ങളെ, മതങ്ങളെ ചേര്‍ത്ത് ഒരു ബഹുജന മുന്നേറ്റം തന്നെ സാധ്യമാകുമോ എന്ന് ആലോചിക്കുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.
സമസ്ത മുന്‍ കൈ എടുത്ത് മുന്നേറ്റം സാധ്യമാക്കാനാണ് ശ്രമിക്കുക. പൗരത്വ ബില്ലിനെതിരെ ഒക്കെ ഉണ്ടായിരുന്നത് പോലെ എല്ലാവരെയും സംയോജിപ്പിച്ചുകൊണ്ട് തന്നെ പ്രക്ഷോഭം ആലോചിക്കും.