ന്യൂയോർക്കിലെ സാഹിത്യ പ്രഭാഷണ പരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ഇംഗ്ലീഷ് നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ സ്വാധീനവും നഷ്ടപ്പെട്ടതായി റിപ്പോർട്ട്. റുഷ്ദിയുടെ ഏജന്റ് ആൻഡ്ര്യൂ വൈലിയെ ഉദ്ധരിച്ച് സ്പാനിഷ് പത്രം എൽ പെയ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 12നാണ് റുഷ്ദിക്ക് കുത്തേറ്റത്.
സംഭവത്തിൽ അക്രമി ന്യൂജഴ്സി സ്വദേശി ഹാദി മതാറിനെ (24) പിന്നീട് അറസ്റ്റ് ചെയ്തു. പ്രധാനമായും കഴുത്തിന് 3 കുത്തുകളാണ് ഏറ്റതെന്നും നെഞ്ചിൽ വേറെ 15 മുറിവുകളുണ്ടായിരുന്നു എന്നും അഭിമുഖത്തിൽ വെളിപ്പെടുത്തി. അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നും ആൻഡ്ര്യൂ വൈലി പറഞ്ഞു.