ദുബായിലെ റോഡുകളിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സാലിക്ക് നിരക്കില്‍ മാറ്റം വരുത്തുന്നുവെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. തിരക്ക് അനുസരിച്ച്
ഡൈനാമിക് പ്രൈസിംഗ് രീതി നടപ്പിലാക്കാൻ ആണ് പുതിയ തീരുമാനം. ഇതിലൂടെ തിരക്കുള്ള സമയങ്ങളിൽ ഉയർന്ന ടോൾ ഫീസ് ഈടാക്കുകയും ഗതാഗതത്തിരക്ക് നിയന്ത്രിക്കുകയും ചെയ്യാം എന്നാണ് വിലയിരുത്തുന്നത്.
പുതിയ നിരക്ക് നിർണ്ണയ ഘടന ഇനി വരാനിരിക്കുന്ന മാറ്റങ്ങളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുമെന്നാണ് സാലിക്ക് സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് അറിയിച്ചത്. അതേ സമയം തിരക്കേറുമ്പോൾ കൂടുതല്‍ ചാര്‍ജ്ജ് ഈടാക്കുന്ന രീതി ലോകത്ത് എല്ലായിടത്തും നിലനിൽക്കുന്നതാണെന്ന് സാലിക് ബോർഡ് ഓഫ് ഡയറക്ടർ വൈസ് ചെയർമാൻ അബ്ദുൾ മുഹ്സെൻ കലബത്തും പറഞ്ഞു.
ഗേറ്റുകളുടെ എണ്ണത്തിലോ താരിഫുകളിലോ വർദ്ധനവ് ഉണ്ടാക്കുന്നത് സംബന്ധിച്ച് ആർടിഎയും സാലിക്കും പഠനങ്ങൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വർധനവ് നിശ്ചയിക്കുക എന്ന് സാലിക്ക് ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി. എക്സിക്യൂട്ടീവ് കൗൺസിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
2007 ലാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സാലിക് റോഡ്-ടോൾ സംവിധാനം ദുബായില്‍ തുടങ്ങിയത്. നിലവിൽ എട്ട് ടോൾ ഗേറ്റുകളാണ് ദുബായിലുള്ളത്. 1.8 ദശല മൂന്ന് ദശലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രേഖകളിൽ പറയുന്നു. അതേസമയം തടസ്സമില്ലാത്ത ഗതാഗതം എന്ന പൊതു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ആർടിഎയും സാലിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓഹരികൾ പുറത്തിറക്കാനും സാലിക് നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പ്രാഥമികമായി പബ്ലിക് ഓഫറിംഗിലൂടെ ഒരു ബില്യൺ ഡോളർ എങ്കിലും സമാഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അങ്ങനെയല്ലെങ്കിൽ 20 ശതമാനം ഓഹരികൾ വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സാലിക് പറഞ്ഞു. സെപ്റ്റംബർ 29 ഓടെ ദുബായിലെ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്,